മുൻസീറ്റിൽ കുട്ടികളെ ഇരുത്തല്ലേ... മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുന്നതിനെതിരെ സുരക്ഷ മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് ഗതാഗത നിയമത്തിലെ 55ാം വകുപ്പ് ഉദ്ധരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തി. കാർ സീറ്റുകളോ ബൂസ്റ്റർ സീറ്റുകളോ പോലുള്ള ഉചിതമായ സുരക്ഷ മാർഗങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നതും വാഹനത്തിന്റെ പിൻസീറ്റിൽ കുട്ടികളെ ഇരുത്തുന്നതും അവരുടെ സുരക്ഷ വർധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ദേശീയ സംരംഭമായ ഖത്തർ ചൈൽഡ് പാസഞ്ചർ സേഫ്റ്റി പ്രോഗ്രാം വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം സജീവമായി നടപ്പാക്കുന്നുണ്ട്.
എച്ച്.എം.സിക്ക് കീഴിലെ ഹമദ് ഇന്റർനാഷനൽ ട്രെയിനിങ് സെന്ററാണ് (എച്ച്.ഐ.ടി.സി) ഈ പദ്ധതി നടപ്പാക്കുന്നത്. പ്രോഗ്രാം നടപ്പാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത വകുപ്പ്, റോഡ് സുരക്ഷസമിതി, എച്ച്.എം.സി, സിദ്റ മെഡിസിൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, കൊണോകോ ഫിലിപ്സ്, ഖത്തർ സർവകലാശാല Pൾപ്പെടെ ഏജൻസികളിൽനിന്നുമുള്ള വിദഗ്ധ സംഘം പ്രവർത്തിക്കുന്നു.പ്രസ്തുത സംരംഭത്തിന്റെ ഭാഗമായി കാർ സീറ്റുകൾ പരിശോധിക്കുന്നതിന് എച്ച്.ഐ.ടി.സി ‘ഗലായ്’ എന്ന പേരിൽ ഒരു ചെക്ക് സ്റ്റേഷനും സ്ഥാപിച്ചു.
നിലവിൽ വിമൻസ് വെൽനസ് ആൻഡ് റിസർച് സെന്ററിലും, സിദ്റ മെഡിസിനിലുമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. റോഡ് അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കും മരണവും സംഭവിക്കുന്നതിന് മുൻസീറ്റുകളിലെ യാത്രകളും, വേണ്ട സുരക്ഷ സൗകര്യങ്ങളില്ലാത്ത സീറ്റ് ഒരുക്കാത്തതും കാരണമാകുന്നതായി സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.