ലോകത്തെ മികച്ച 30 നഗരങ്ങളിൽ ദോഹയും
text_fieldsദോഹ: രാജ്യതലസ്ഥാനമായ ദോഹ ലോകത്തെ മികച്ച 30 നഗരങ്ങളിൽ ഇടംപിടിച്ചു. ലോകത്തെ മികച്ച നഗരങ്ങൾ, സ്ഥലങ്ങൾ, വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്ലേസ്മേക്കിങ്, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നിവയിലെ മുൻനിര ഉപദേശകരായ റിസോണൻസ് കൺസൽട്ടൻസിയുടെ പുതിയ റാങ്കിങ്ങിലാണ് ജീവിക്കാൻ ഏറ്റവും മികച്ച 30 നഗരങ്ങളുടെ ലിസ്റ്റിൽ ദോഹയും ഇടംനേടിയത്. പട്ടികയിൽ ദോഹ 27ാം സ്ഥാനത്താണ്.
പത്ത് ലക്ഷത്തിനുമേൽ ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ നഗരങ്ങളെയാണ് ഗ്ലോബൽ സിറ്റീസ് റാങ്കിങ്ങിൽ റിസോണൻസ് കൺസൽട്ടൻസി ഉൾപ്പെടുത്തിയത്. 24 വ്യത്യസ്ത മേഖലകളിൽ തദ്ദേശീയരും സന്ദർശകരും നടത്തിയ വിലയിരുത്തലുകളും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കി ആഗോളനഗരങ്ങളെ ആറ് പ്രധാന വിഭാഗങ്ങളായി തരംതിരിച്ചാണ് റാങ്കിങ്. ജീവിക്കാനും ജോലിചെയ്യാനും നിക്ഷേപമിറക്കാനും സന്ദർശനത്തിനും ഉതകുന്ന ഇടമായാണ് 27ാമത് മികച്ച നഗരമായി ദോഹ തിരഞ്ഞെടുക്കപ്പെട്ടത്.
മിഡിലീസ്റ്റിലെ അടുത്ത ടൂറിസം ഹോട്സ്പോട്ടാവാനുള്ള ലക്ഷ്യങ്ങളിലേക്ക് കരുത്തോടെ ഉറ്റുനോക്കുകയാണ് ഖത്തർ. ദോഹ അതിന്റെ കിരീടത്തിലെ തിളക്കമാവുകയാണ് -റിസോണൻസ് കൺസൽട്ടൻസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
‘കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഖത്തർ താണ്ടിയ ദൂരമേറെയാണ്. ഇംഗ്ലണ്ടിന്റെ അധികാരത്തിന് കീഴിലായിരുന്നകാലത്ത് ദുർബലമായ മത്സ്യബന്ധന വ്യവസായത്തിന്റെ മാത്രം പിൻബലമുണ്ടായിരുന്ന പാവപ്പെട്ട രാജ്യമെന്നതിൽനിന്ന് മാറി, ലോകത്ത് ഏറ്റവുമധികം പ്രതിശീർഷവരുമാനമുള്ള, സ്വതന്ത്ര രാജ്യമാണിന്ന് ഖത്തർ. അടിസ്ഥാനസൗകര്യ വികസനത്തിൽ കുതിച്ചുചാട്ടംതന്നെയുണ്ടായി.
ആഗോളതലത്തിൽ ഒന്നാമതുള്ള പ്രതിശീർഷ വരുമാനം, തൊഴിൽനിരക്ക് എന്നിവക്കൊപ്പം മൊത്തം സമൃദ്ധിയിലും ഖത്തർ മുന്നിലാണ്’ -റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ലിസ്റ്റിൽ മിഡിലീസ്റ്റിൽ രണ്ടാമത് നിൽക്കുന്ന നഗരമാണ് ദോഹ. പട്ടികയിൽ ദുബൈ അഞ്ചാമതും അബൂദബി 28ാമതുമാണ്. 83ാം സ്ഥാനത്തുള്ള റിയാദ് ഉൾപ്പെടെ നാല് അറബ് നഗരങ്ങളാണ് നൂറു മികച്ച നഗരങ്ങളുടെ ലിസ്റ്റിൽ ഇടംനേടിയത്. സമ്പദ്വ്യവസ്ഥ, വരുമാനം, പൗരന്മാരുടെ സാമ്പത്തിക സുരക്ഷ, നൂതനത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള സമൃദ്ധി സൂചികയിൽ ദോഹ ഒന്നാമതാണ്.
ആധുനിക ഹൈവേകൾ, മെട്രോ സിസ്റ്റം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, പുതിയ ഖത്തർ നാഷനൽ മ്യൂസിയം തുടങ്ങിയവ ദോഹ സിറ്റി ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രമാക്കി മാറ്റി. ഫിഫ ലോകകപ്പ് കാലത്ത് പടുത്തുയർത്തിയ ലുസൈൽ ഐകണിക് സ്റ്റേഡിയം, 974 സ്റ്റേഡിയം, അൽ ബെയ്ത്ത് സ്റ്റേഡിയം തുടങ്ങിയവ ഖത്തറിന്റെ നിർമാണചാതുരിയുടെ മകുടോദാഹരണങ്ങളായി ലോകത്തിന്റെ പ്രശംസക്ക് പാത്രമായി. നൂറിലേറെ ലോകോത്തര ഹോട്ടലുകൾ പടുത്തുയർത്തിയതും റിസോണൻസ് കൺസൽട്ടൻസി തങ്ങളുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ലണ്ടൻ, പാരിസ്, ന്യൂയോർക്, ടോക്യോ, ദുബൈ, ബാഴ്സലോണ, റോം, മഡ്രിഡ്, സിംഗപ്പൂർ, ആംസ്റ്റർഡാം എന്നിവയാണ് ലിസ്റ്റിൽ ഒന്നുമുതൽ പത്തുവരെയുള്ള നഗരങ്ങൾ. യുക്രെയ്ൻ തലസ്ഥാനമായ കിയവിന് ലോകത്തെ മികച്ച നഗരമെന്ന ഓണററി അംഗീകാരവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റഷ്യയുടെ ആക്രമണത്തിൽ പിടിച്ചുനിന്ന നാടിന്റെ തലസ്ഥാനമെന്നനിലയിൽ ധീരതയുടെയും ചെറുത്തുനിൽപിന്റെയും പ്രതീകമെന്ന നിലയിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.