ദോഹയും റയ്യാനും ആരോഗ്യ നഗരങ്ങൾ
text_fieldsദോഹ: ആരോഗ്യ മേഖലയിൽ മികച്ച മുന്നേറ്റം കുറിക്കുന്ന ഖത്തറിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
ഏറ്റവും മികച്ച ആരോഗ്യ നിലവാരം പുലർത്തുന്നതിനുള്ള ഹെൽത്തി സിറ്റി പുരസ്കാരങ്ങൾക്ക് ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികൾ അർഹരായപ്പോൾ, ഹെൽത്തി എജുക്കേഷൻ സിറ്റിയെന്ന അംഗീകാരം ഖത്തർ ഫൗണ്ടേഷന്‍റെ വിദ്യാഭ്യാസ ആസ്ഥാനമായ എജുക്കേഷൻ സിറ്റിയെ തേടിയെത്തി.
ഖത്തർ ആരോഗ്യ മന്ത്രാലയവും, മുനിസിപ്പാലിറ്റി മന്ത്രാലയവും സംയുക്തമായി മുശൈരിബ് ഡൗൺ ടൗണിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പങ്കെടുത്ത ചടങ്ങിൽ രാജ്യത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ആദരവ് ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി.
ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയും വൈസ്ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഈ, ലോകാരോഗ്യ സംഘടന ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി, പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആരോഗ്യ മേഖലകളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ഹെൽത്തി സിറ്റി പദ്ധതി പ്രകാരം, ജനങ്ങളുടെ ആരോഗ്യ ക്ഷേമം, പൊതുജനങ്ങൾക്കിടയിലെ ശാക്തീകരണം, കൃത്യമായ നയരൂപവത്കരണത്തിലൂടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കൽ തുടങ്ങിയ വിവിധ ദൗത്യങ്ങളാണ് ഉൾപ്പെടുന്നത്.
ഖത്തർ ഫൗണ്ടേഷനു കീഴിലെ എജുക്കേഷൻസിറ്റിക്കു കീഴിൽ സർവകലാശാലകൾ, വിദ്യാർഥികൾ, ജീവനക്കാർ, താമസക്കാർ തുടങ്ങി എല്ലാ വിഭാഗം ആളുകളിലേക്കും ആരോഗ്യ സുരക്ഷ അവബോധവും പരിപാലനവും ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും എത്തിക്കാൻ കഴിഞ്ഞു. അതിനുള്ള അംഗീകാരമായാണ് ഹെൽത്തി എജുക്കേഷൻ സിറ്റി പുരസ്കാരം.
നഗരങ്ങളിലും സമൂഹങ്ങൾക്കിടയിലും പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ഖത്തർ ഫൗണ്ടേഷൻ ഉൾപ്പെടെ നിരവധി വിഭാഗങ്ങളുടെ പ്രതിബദ്ധതയും പ്രവർത്തനവും ആവശ്യമാണെന്ന് ശൈഖ ഹിന്ദ് പറഞ്ഞു.
രാജ്യത്തെ രണ്ട് മുനിസിപ്പാലിറ്റികൾക്ക് ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി സിറ്റി' പുരസ്കാരം ലഭിക്കുന്നത് സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നിർണായകമാണെന്നും അവർ പറഞ്ഞു.
ദേശീയ വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആരോഗ്യരംഗത്ത് വരുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അല്‍ കുവാരി അറിയിച്ചു.
ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളെയും 'ഹെല്‍ത്തി സിറ്റി' നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.