ദോഹ പുസ്തകമേളക്ക് ഇന്ന് സമാപനം
text_fieldsദോഹ: കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലായി ഖത്തറിലെ വായന പ്രേമികൾക്കു മുന്നിൽ അക്ഷരങ്ങളുടെ വസന്തമൊരുക്കിയ 31ാമത് ദോഹ രാജ്യാന്തര പുസ്തകമേളക്ക് ശനിയാഴ്ച സമാപനമാവും. വിവിധ വിഷയങ്ങളിലെ ചർച്ചകളും സംവാദങ്ങളും, പുസ്തക പ്രകാശനവും പുസ്തകവായനകളുമായി അറിവിെൻറ പുതിയ വാതായനങ്ങൾ തുറന്നു നൽകിയാണ് 10 ദിനം നീണ്ട രാജ്യാന്തര പുസ്തകോത്സവത്തിന് സമാപനമാവുന്നത്. കോവിഡിെൻറ പുതിയ തരംഗം സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും അറബിയും ഇംഗ്ലീഷും ഉൾപ്പെടെ വിവിധ ഭാഷകളിലെ വായനതേടി പുസ്തക പ്രേമികൾ ദോഹ എക്സിബിഷൻ സെന്ററിലെ മേളയിലേക്ക് ഒഴുകിയെത്തി.
'അറിവാണ് വെളിച്ചം' എന്ന തലക്കെട്ടിലായിരുന്നു ഇത്തവണ ഖത്തർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് സെൻററുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം പുസ്തകമേള സംഘടിപ്പിച്ചത്. 37 രാജ്യങ്ങളിൽ നിന്നുള്ള 430 പ്രസാധകരും 90 ഏജൻസികളും മേളയിൽ സജീവമായി പങ്കെടുത്തു. ഖത്തർ അമേരിക്ക സാംസ്കാരിക വർഷത്തിെൻറ ഭാഗമായി അമേരിക്കൻ പ്രസാധകർ അതിഥിരാജ്യമായി പങ്കെടുത്തു. വിവിധ എംബസികളുടെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ പുസ്തക ശേഖരവും ഒരുക്കിയിരുന്നു.
അറബി-മലയാള മൊഴിമാറ്റം ചർച്ച ചെയ്ത് പുസ്തകമേള
ദോഹ: അറബി-മലയാള ഭാഷകൾ തമ്മിലെ കൊടുക്കൽ വാങ്ങലുകൾ സാഹിത്യപ്രേമികളിലേക്ക് പകർന്നുകൊണ്ട് ദോഹ രാജ്യാന്തര പുസ്തകമേളയിലെ ചർച്ച സദസ്സ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപര, നാഗരിക ബന്ധങ്ങളുടെ തുടർച്ചയായി സാഹിത്യത്തിലും സംസ്കാരത്തിലും പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ ചർച്ചചെയ്യപ്പെട്ടു. പ്രവാസികളുടെ കുടിയേറ്റത്തിനൊപ്പം, ഇരു ഭാഷകൾക്കുമിടയിൽ സാഹിത്യ മേഖലകളിലേക്കും പരസ്പര കൈമാറ്റം നടന്നതായി എഴുത്തുകാരനും ഖത്തറിൽ അധ്യാപകനുമായ ഡോ. മൻസൂർ ഹുദവി പറഞ്ഞു.
അറബിയിൽനിന്ന് മലയാളത്തിലേക്കും തിരിച്ചും നേരിട്ട് മൊഴിമാറ്റം നടന്നതിനൊപ്പം, ഇംഗ്ലീഷ് ഭാഷ വഴിയുള്ള പരസ്പര മൊഴിമാറ്റങ്ങളും വായനാലോകത്തെത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 'ദുആഉൽ ഖർവാൻ' എന്ന ത്വാഹ ഹുസൈെൻറ നോവൽ 'പാതിരാ കുയിലിെൻറ രാഗം' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മുഹമ്മദ് കുട്ടശ്ശേരിയാണ് അറബിയിൽനിന്ന് മലയാളത്തിലേക്ക് സാഹിത്യവിവർത്തനത്തിന് തുടക്കമിട്ടത്. പിന്നാലെ, മുഹിയുദ്ദീൻ മൗലവി ആലുവ അൽബിറൂനിയുടെ കിതാബുൽ ഹിന്ദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. തൗഫീഖുൽ ഹഖീമിെൻറ നാടകങ്ങളും ഖലീൽ ജിബ്രാെൻറ കൃതികളും ഡോ. എം.എം. ബഷീറും, മഹ്മൂദ് ദർവേശ്, ബദർ ഷാകിർ സയ്യാബ്, അബ്ദുൽ വഹാബ് ബയ്യാദി എന്നിവരുടെ കൃതികൾ 'മുറിവേറ്റ വാക്കുകൾ' എന്ന പേരിൽ പി.കെ. പാറക്കടവും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ശ്രദ്ധേയ സാഹിത്യ സംഭാവനയായിരുന്നു.
തകഴിയുടെ ചെമ്മീൻ, കുമാരനാശാെൻറ വീണപൂവ്, കമലാ സുരയ്യയുടെ യാ അല്ലാഹ്, സച്ചിദാനന്ദെൻറ കവിതകൾ, മയ്യഴിപുഴയുടെ തീരത്ത്, എം.ടി. വാസുദേവൻ നായർ, ബി.എം. സുഹറ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി പ്രമുഖ എഴുത്തുകാരുടെ കൃതികൾ മലയാളത്തിൽനിന്ന് അറബിയിലേക്ക് മൊഴിമാറ്റിയതിലൂടെ മലയാള സാഹിത്യഭംഗി ലോകവായനക്കാരിലേക്കും എത്തുകയായിരുന്നുവെന്ന് ഡോ. മൻസൂർ ഹുദവി വിശദീകരിച്ചു. ഖത്തരി മാധ്യമ പ്രവർത്തകനായ സാലിഹ് ഗരീബ് ചർച്ചയുടെ മോഡറേറ്ററായി. അറബി എഴുത്തുകാരൻ ജമാൽ ഫാഇദ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.