സഹകരണത്തിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാം -പ്രധാനമന്ത്രി
text_fieldsദോഹ: ലോകം പുതിയ പ്രതിസന്ധികൾ നേരിടുമ്പോൾ അന്താരാഷ്ട്ര സഹകരണത്തിലൂടെ ചെറുത്തുനിൽക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി ദോഹ സാമ്പത്തിക ഫോറത്തിന് തുടക്കം. ലുസൈലിലെ കതാറ ടവർ ഫെയർമോണ്ട് ആൻഡ് റാഫിൾസ് ഹോട്ടലിൽ ആരംഭിച്ച മൂന്നുദിന സമ്മേളനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലും അമീർ പങ്കെടുത്തു.
‘പുതു ഊർജ മാതൃകകൾ’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ റുവാൻ പ്രസിഡന്റ് പോൾ കഗാമെയും ചർച്ചയിൽ പങ്കാളിയായിരുന്നു. വിവിധ രാഷ്ട്രത്തലവന്മാരും, സാമ്പത്തിക വിദഗ്ധരും, അന്താരാഷ്ട്ര പ്രശസ്ത കമ്പനികളുടെ മേധാവികളും ചിന്തകരും ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
കോവിഡ് മാഹാമാരി ഉൾെപ്പടെ നൂതന വെല്ലുവിളികൾ അഭിമുഖീകരിച്ച ലോകത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണവും ഏകോപനവും വഴി മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ആദ്യ ദിനം സംസാരിച്ച ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാന ആൽഥാനി ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരി മുതൽ യുക്രെയ്ൻ യുദ്ധം ഉൾെപ്പടെ വിവിധ രാജ്യങ്ങളിലെ സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ പ്രശ്നങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി ലോകം അഭിമുഖീകരിക്കുന്നത്. ഇതിന്റെയെല്ലാം ഫലങ്ങൾ പല തലങ്ങളിലായി രാജ്യങ്ങൾ അനുഭവിക്കുകയാണ്. എന്നാൽ, മനുഷ്യരാശിക്ക് എല്ലാ വെല്ലുവിളികളെയും അതിജയിക്കാൻ ശേഷിയുണ്ട്. പ്രത്യേകിച്ച് അവ സാമ്പത്തിക മേഖലക്ക് വെല്ലുവിളി ഉയർത്തുമ്പോൾ പ്രതിസന്ധികളെ അവസരമാക്കി മാറ്റാൻ മനുഷ്യന് കഴിയും.
നക്ഷത്രങ്ങളാൽ നയിക്കപ്പെടുകയും സമുദ്രങ്ങൾ കടക്കുകയും, പർവതങ്ങൾ തുരന്ന് ആവാസമൊരുക്കുകയും ചെയ്ത ചരിത്രം മനുഷ്യനുണ്ട്. നിലവിലെ വെല്ലുവിളികളെയും അതിജീവിച്ച് സാമ്പത്തിക വളർച്ചയിലെത്താൻ ഇന്ന് പ്രാപ്തരാണ് -പ്രചോദനം നൽകുന്ന വാക്കുകളുമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ പ്രൗഢഗംഭീരമായ സദസ്സുമായി സംവദിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഖത്തറിന്റെ സാമ്പത്തിക മേഖല കൂടുതൽ വളർച്ച നേടിയതായും അദ്ദേഹം സൂചിപ്പിച്ചു. 2022ലെ ആദ്യ പാദത്തിലെ കണക്കു പ്രകാരം ഖത്തറിന്റെ എണ്ണയിതര മേഖലയിൽ നിന്നുള്ള ലാഭം 9.9 ശതമാനവും, എണ്ണ ഉൽപാദന മേഖലയിൽ നിന്നുള്ള ലാഭം 4.8 ശതമാനവുമായി വർധിച്ചു.
പ്രതിസന്ധികൾക്കിടയിലും സുശക്തവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ രാജ്യത്തിനുണ്ട്. മികച്ച ആരോഗ്യ സംവിധാനവും, വിവേകപൂർണമായ നേതൃത്വവും ഞങ്ങളുടെ കുതിപ്പിന് കരുത്താവുന്നു -പ്രധാനമന്ത്രി പറഞ്ഞു. അറബ് ലോകത്ത് ആദ്യമായെത്തിയ ലോകകപ്പ് ഫുട്ബാളിനെ ഏറ്റവും മികച്ച മേളയാക്കി മാറ്റാൻ കഴിഞ്ഞതും പ്രധാനമന്ത്രി വിശദീകരിച്ചു.
രാജ്യത്തിന്റെ ദേശീയ വിഷൻ 2030ന്റെ ഭാഗമായി വൈവിധ്യപൂർണവും നൂതനവുമായ സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യം കുതിക്കുകയാണെന്നും വ്യക്തമാക്കി. ഏറ്റവും മികച്ച വിമാനത്താവളം, ലോകോത്തരമായ എയർലൈൻസ് എന്നിവ രാജ്യത്തിന്റെ മികവിന്റെ അടയാളമാവുന്നു. അതോടൊപ്പം സാമ്പത്തിക സുസ്ഥിരതയിലും രാജ്യം മുന്നിലാണ് -ലോകനേതാക്കളും സാമ്പത്തിക വിദഗ്ധരും ഉൾപ്പെട്ട സദസ്സിന് മുമ്പാകെ പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.