ദോഹ എക്സ്പോ 2023: 80 രാജ്യങ്ങൾ, 30 ലക്ഷം സന്ദർശകർ
text_fieldsദോഹ: ലോകകപ്പിനു പിന്നാലെ ഖത്തർ വേദിയാവുന്ന രാജ്യാന്തര മേളയുടെ തീയതിയും നാളും കുറിച്ചു. രാജ്യാന്തര ഹോർട്ടികൾചറൽ ദോഹ എക്സ്പോ 2023 ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. 80 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 30 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 2023 ഒക്ടോബർ രണ്ടിന് തുടങ്ങുന്ന എക്സ്പോ 2024 മാർച്ച് 28 വരെ നീണ്ടുനിൽക്കും.
'ഗ്രീൻ ഡെസേർട്ട്, ബെറ്റർ എൻവയൺമെൻറ്' എന്ന തലക്കെട്ടിൽ അൽ ബിദ്ദ പാർക്കാണ് ദോഹ എക്സ്പോക്ക് വേദിയാവുകയെന്ന് മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രിയും ദോഹ എക്സ്പോ ദേശീയ കമ്മിറ്റി പ്രസിഡൻറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. കാലാവസ്ഥ, ജലം, മണ്ണ് എന്നിവ അമൂല്യമായ േസ്രാതസ്സുകളാണെന്ന തിരിച്ചറിവിൽ ഹരിത പരിസ്ഥിതിക്കായി ഖത്തർ സുപ്രധാന ചുവടുവെപ്പുകളാണ് മുന്നോട്ടുവെക്കുന്നതെന്നും ഡോ. അൽ സുബൈഇ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സമൂഹത്തിെൻറ പങ്കാളിത്തത്തോടെ ആറുമാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും പരിപാടികളുമുൾപ്പെടെയാണ് ദോഹ എക്സ്പോ നടക്കുക. ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് മുഖ്യപ്രായോജകരാണ്. എക്സിബിഷെൻറ സ്പെഷൽ എഡിഷനാണിത്.
2019 നവംബറിലാണ് ഖത്തറിന് അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് വേദി ലഭിച്ചത്. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ ഇതാദ്യമായാണ് അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് വേദി ലഭിക്കുന്നത്. അവസാനമായി 2019ൽ ബെയ്ജിങ്ങിൽ നടന്ന എക്സ്പോയിൽ ഖത്തറിെൻറ ഭീമൻ പവലിയൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ദോഹ എക്സ്പോ 2023നായി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, കായിക-യുവജനകാര്യ മന്ത്രാലയം, ഗതാഗത-വാർത്തവിനിമയ-ഐടി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, അശ്ഗാൽ, ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുൾപ്പെടുന്ന ദേശീയ സമിതി രൂപവത്കരിച്ചതായും മന്ത്രി അറിയിച്ചു.
പ്രാദേശികമായും ആഗോളതലത്തിലും കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികൾക്കിടയിലും 2023ലെ ദോഹ എക്സ്പോ നടത്തുന്നതിനുള്ള തയാറെടുപ്പുകൾക്ക് ദേശീയ സമിതി മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.