ഒരുകുടക്കീഴിൽ എല്ലാമൊരുക്കുന്ന എക്സ്പോ
text_fieldsദോഹ: ലോകകപ്പിനുശേഷം നടക്കുന്ന ഏറ്റവും വലിയ പരിപാടികളിലൊന്നായ ദോഹ എക്സ്പോ 2030ന് തിരശ്ശീലയുയരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സന്ദർശകരെ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ. സുസ്ഥിരതക്കും നവീകരണത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്ന ദോഹ എക്സ്പോയുടെ തയാറെടുപ്പുകൾ അവസാനഘട്ട മിനുക്കുപണികളിലാണ്.
പരിസ്ഥിതി കേന്ദ്രം, ജൈവവൈവിധ്യ മ്യൂസിയം, ഫാമിലി ആംഫി തിയറ്റർ, ഇൻഡോർ ഡോംസ്, കൾചറൽ ബസാർ, കർഷക ചന്ത, സ്പോൺസർ ഏരിയ, ഗ്രാൻഡ്സ്റ്റാൻഡ് അറീന തുടങ്ങിയ കേന്ദ്രങ്ങൾ എന്നിവയാണ് എക്സ്പോയുടെ പ്രധാന മേഖലകൾ.
എക്സ്പോയുടെ ഹൃദയഭാഗത്താണ് പരിസ്ഥിതി കേന്ദ്രവും ജൈവവൈവിധ്യ മ്യൂസിയവും സ്ഥിതിചെയ്യുന്നത്. അത്യാധുനിക പാരിസ്ഥിതിക ശാസ്ത്രം, പുനരുപയോഗിക്കാവുന്ന ഊർജ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, വിപ്ലവകരമായ സാങ്കേതികവിദ്യകളുടെ പ്രദർശനം എന്നിവക്കായി രൂപകൽപന ചെയ്തിട്ടുള്ള ഇടമാണിത്.
പൊതുജനങ്ങളിലും സന്ദർശകരിലും പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന അവബോധം വളർത്തുന്നതിനും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ കാലാവസ്ഥ വ്യതിയാന സ്ഥിതിവിവരക്കണക്കുകളും കേന്ദ്രത്തിലുണ്ടാകും. മേഖലയിലെ ജൈവവൈവിധ്യങ്ങളും സസ്യങ്ങളും സമുദ്രജീവികളും ഉൾപ്പെടെയുള്ളവയുടെ പ്രദർശനമാണ് ജൈവവൈവിധ്യ മ്യൂസിയത്തിന്റെ പ്രധാന സവിശേഷത.
അത്യാധുനിക സൗകര്യങ്ങളോടെ വി.ഐ.പി പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സംഗമിക്കുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ് കോൺഗ്രസ് സെന്റർ. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മേഖലയിൽ പുത്തൻ ആശയങ്ങൾ പങ്കുവെക്കുന്നതിനും മൂല്യവത്തായ പങ്കാളിത്തം വളർത്തുന്നതിനും സുപ്രധാന വിഷയങ്ങളിൽ നടക്കുന്ന ഫോറങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും കോൺഗ്രസ് സെന്റർ ഉപയോഗപ്പെടുത്തും.
7500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രൈം എക്സിബിഷൻ സ്പേസ് ഉൾപ്പെടുന്ന എക്സിബിഷൻ സെന്റർ ഹ്രസ്വ-ദീർഘകാല പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ അനുയോജ്യമായ വേദിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രദർശനങ്ങളുമായി കുടുംബങ്ങൾക്കും കുട്ടികൾക്കുംവേണ്ടി മാത്രം രൂപകൽപനചെയ്ത ഫാമിലി ആംഫി തിയറ്ററും എക്സ്പോയുടെ പ്രധാന ആകർഷണ കേന്ദ്രമായിരിക്കും.
അകത്തളങ്ങളിലെ സാഹചര്യങ്ങളും താപനിലയും വെളിച്ചവും ക്രമീകരിച്ച് സ്ഥാപിക്കുന്ന ഇൻഡോർ ഡോമുകളിലെ ഇൻഡോർ ഗാർഡനുകളും സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യമാർന്ന ചെടികളും മരങ്ങളും പൂന്തോട്ടങ്ങളുമായിരിക്കും ഇവിടത്തെ ആകർഷണം.
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സമ്പന്നമായ പൈതൃകവും സർഗാത്മകതയും ആഘോഷിക്കുന്ന കൾചറൽ ബസാറും ദോഹ എക്സ്പോയുടെ ശ്രദ്ധേയമായ സ്പോട്ടുകളിലൊന്നായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത കരകൗശല ഉൽപന്നങ്ങളും കുടിൽ വ്യവസായ ഉൽപന്നങ്ങളും സന്ദർശകർക്കായി ഇവിടെ വിപണിയിലുണ്ടാകും.
പ്രാദേശിക ഫാമുകൾക്കും കർഷകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനുമായി പ്രത്യേകം സജ്ജമാക്കിയ ഇടമാണ് ഫാർമേഴ്സ് മാർക്കറ്റെന്നറിയപ്പെടുന്ന കാർഷിക ചന്ത. പ്രാദേശിക കർഷകർക്കും വ്യാപാരികൾക്കും സമൂഹത്തിന്റെ പിന്തുണയുടെയും അഭിനന്ദന പ്രവാഹത്തിന്റെയും അന്തരീക്ഷം വളർത്തുന്നയിടം.
എക്സ്പോയുടെ പ്രമേയവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഉപവിഷയങ്ങളെ സംബന്ധിക്കുന്നതോ ആയ പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ എക്സ്പോ സ്പോൺസർമാരെ പ്രാപ്തരാക്കുന്ന സ്പോൺസേഴ്സ് ഏരിയ, സന്ദർശക ശ്രദ്ധ നേടും. സന്ദർശകരും സ്പോൺസർമാരും തമ്മിൽ ഇടപഴകുന്നതിനും അതുവഴി എക്സ്പോയുടെ വിജയത്തിനും ഇത് സഹായിക്കും.
ലോകപ്രശസ്തരായ അന്താരാഷ്ട്ര, പ്രാദേശിക കലാകാരന്മാരുടെ വേദിയായി അയ്യായിരം പേരെ ഉൾക്കൊള്ളാവുന്ന ഗ്രാൻഡ് സ്റ്റാൻഡ് അറീന സന്ദർശകരെ ആവേശത്തിലാഴ്ത്തും. സമാനതകളില്ലാത്ത വിനോദ അനുഭവം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്ന ഇടമായി ഗ്രാൻഡ് സ്റ്റാൻഡ് അറീന അറിയപ്പെടും.
2023 ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയായി ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിന മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.