ദോഹ എക്സ്പോ കാത്തിരിക്കുന്നത് റെക്കോഡ് പങ്കാളിത്തം
text_fieldsദോഹ: ലോകകപ്പിനു ശേഷം, ഖത്തറും മിഡിലീസ്റ്റും കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിലേക്ക് ഇനി ഏതാനും ദിവസങ്ങളുടെ മാത്രം ദൂരം. ഒക്ടോബർ രണ്ടിന് അൽ ബിദ പാർക്കിൽ തുടക്കം കുറിക്കുന്ന എക്സിബിഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, അവസാന വട്ട തയാറെടുപ്പിലാണ് സംഘാടകർ. 88 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാവും ദോഹ കാത്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ലോക രാജ്യങ്ങളുടെ പ്രത്യേകിച്ചും മരുഭൂമിവത്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ ശ്രദ്ധേയമാക്കുന്നതെന്ന് സംഘാടക സമിതി സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൗറി വ്യക്തമാക്കി. വിവിധ പരിപാടികള്‍ ഉൾക്കൊള്ളുന്ന മേള എന്നതിനപ്പുറം മേഖലക്കായി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ അവതരിപ്പിക്കുന്നു.
വിഖ്യാത സര്‍വകലാശാലകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ സഹകരണവും പങ്കാളിത്തവും എക്സ്പോയിലുണ്ടെന്നും അൽ ഖൗറി വിശദമാക്കി. ഏതാനും സര്‍വകലാശാലകളുടെ പുതിയ ഗവേഷണങ്ങള്‍ക്കും എക്സ്പോയില്‍ തുടക്കമാകുമെന്നും വിശദീകരിച്ചു. വിവിധ രാജ്യങ്ങളിൽ നടന്ന മുൻ എക്സ്പോകളെ അപേക്ഷിച്ച് ദോഹ എക്സ്പോയിലെ പങ്കാളിത്തം വർധിച്ചതായി എക്സ്പോ കമീണഷർ ജനറൽ ബദർ ബിൻ ഉമർ അൽ ദഫയും അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2024 മാര്‍ച്ച് 28 വരെയായി 179 ദിവസം നീളുന്ന എക്സ്പോക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. അല്‍ബിദ പാര്‍ക്കില്‍ 17 ലക്ഷം ചതുരശ്രമീറ്ററിലാണ് എക്സ്പോ നടക്കുന്നത്. 88 രാജ്യങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ എണ്‍പതിലധികം രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയിലുണ്ടാകുക. 2,500 വളന്റിയര്‍മാരുടെ സേവനവും എക്സ്പോയിലുണ്ടാകും. വളന്റിയർ തെരഞ്ഞെടുപ്പ് ഇതിനകം പൂർത്തിയാക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എക്സ്പോയോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ സ്കൂളുകളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. വിദ്യാർഥികള്‍ക്ക് എക്സ്പോ വേദി സന്ദര്‍ശിക്കുന്നതിനുള്ള അവസരമൊരുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരതയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലാണ് പ്രധാനമായും എക്സ്പോ ശ്രദ്ധചെലുത്തുന്നത്. എക്സ്പോയിലെ പരിപാടികൾ സംബന്ധിച്ച വിശദാംശങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.