ദോഹ എക്സ്പോ: അന്താരാഷ്ട്ര അംഗീകാരത്തിന് ‘ഗോർഡ്’ പിന്തുണ
text_fields ദോഹ: ഒന്നര മാസത്തിനപ്പുറം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാനൊരുങ്ങുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയെ കാത്തിരിക്കുന്നത് അന്താരാഷ്ട്ര അംഗീകാരങ്ങളും. പരിസ്ഥിതി സൗഹൃദത്തിനും സുസ്ഥിരതക്കുമുള്ള മികവിന് ജി.എസ്.എ.എസ്, ഇക്കോലീഫ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ ദോഹ എക്സ്പോ 2023ന് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് (ഗോർഡ്) പിന്തുണക്കും.
എക്സ്പോയുടെ സുസ്ഥിര തന്ത്രവും ലെഗസി പ്ലാനും രൂപപ്പെടുത്തുന്നതിന് സഹായിക്കുമ്പോൾ തന്നെ ദോഹ എക്സ്പോ 2023നുള്ള സാങ്കേതിക പിന്തുണയും നൽകുമെന്ന് ഗോർഡ് ട്വീറ്റ് ചെയ്തു.
എക്സ്പോകളും പ്രദർശനങ്ങളും മേളകളും പോലുള്ള മെഗാ ഇവന്റുകളുടെ സുസ്ഥിരതയും പാരിസ്ഥിതിക പ്രകടനവും ഉയർത്തുന്നതിന് ഗ്ലോബൽ സസ്റ്റെയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജി.എസ്.എ.എസ്) അവതരിപ്പിച്ച പുതിയ അംഗീകാരമാണ് ജി.എസ്.എ.എസ് ഇക്കോലീഫ്.ദോഹ എക്സ്പോ 2023ന്റെ സുസ്ഥിര വിതരണം പിന്തുണക്കുന്നതിനുള്ള കരാറിൽ നേരത്തേ തന്നെ ഇരുകക്ഷികളും ഒപ്പുവെച്ചിരുന്നു.
പരിപാടികളുടെ ആസൂത്രണം, രൂപകൽപന, നിർമാണം, പ്രവർത്തനങ്ങൾ, പൊളിച്ച് നീക്കം ചെയ്യൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുസ്ഥിരത രീതികൾ പിന്തുടരുന്നതിലൂടെ കാർബൺ ബഹിർഗമനം കുറക്കുകയാണ് ജി.എസ്.എ.എസ് ഇക്കോലീഫിന്റെ ലക്ഷ്യം.
ദോഹ എക്സ്പോ 2023 ഹരിതഭാവിയെക്കുറിച്ച ആശയം പ്രദർശിപ്പിക്കുന്നതോടൊപ്പം അതിന്റെ നിർമാണ പ്രവർത്തനങ്ങളിൽ സുസ്ഥിരതയുടെ അടയാളം അവശേഷിപ്പിക്കുകയും ചെയ്യും. എല്ലാ വേദികളും കാർബൺ ബഹിർഗമനം കുറച്ച് സുസ്ഥിരതയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഹരിതനഗരങ്ങൾ എങ്ങനെ നിർമിക്കാം, ഇന്നത്തെ നഗര ആവശ്യങ്ങൾക്ക് അനുയോജ്യവും ആസ്വാദ്യകരവുമായ കാര്യങ്ങൾ തുടങ്ങിയവയുൾപ്പെടെ ഏറ്റവും പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും എക്സ്പോ ചർച്ചകളിൽ വിശകലനം ചെയ്യും.
2023 ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെയായി ആറുമാസം നീളുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിന മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.