ദോഹ എക്സ്പോ; ഇനി പച്ചപ്പിന്റെ നല്ലകാലം
text_fieldsദോഹ: ഒരു വർഷം മുമ്പ് കാൽപന്തുകളിയുടെ വിളനിലമായ മണ്ണ് ഇനിമുതൽ പച്ചപ്പണിഞ്ഞ് കൃഷിയും മണ്ണും പൂക്കളുമെല്ലാമുള്ള പൂന്തോട്ടമായി മാറുന്നു. ലോകകപ്പ് ഫുട്ബാളിനുശേഷം, ഖത്തറും മേഖലയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് അൽബിദ പാർക്കിൽ തിങ്കളാഴ്ച തുടക്കമാകും. ഇനിയുള്ള ആറുമാസം കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പുതുചിന്തകൾ ഖത്തറിന്റെ മണ്ണിൽനിന്ന് ലോകം ശ്രവിക്കും. ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28 വരെ നീളുന്ന എക്സ്പോക്കാണ് അൽബിദ പാർക്ക് വേദിയാകുന്നത്. മിഡിലീസ്റ്റ് ലോകം ആദ്യമായാണ് ഹോർട്ടികൾചറൽ എക്സ്പോക്ക് വേദിയൊരുക്കുന്നത് എന്ന പ്രത്യേകത കൂടി ദോഹ എക്സ്പോ 2023നുണ്ട്.
ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി
പുതിയകാല വെല്ലുവിളികളെ ഉൾക്കൊള്ളുന്നതാണ് ദോഹ എക്സ്പോയുടെ പ്രമേയം. മരുഭൂവത്കരണവും പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ലോകത്തിന് ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്നാണ് ദോഹ മുന്നോട്ടുവെക്കുന്ന സന്ദേശം. ആദ്യമായി അറേബ്യൻ മരൂഭൂ മണ്ണ് എക്സ്പോക്ക് വേദിയാകുമ്പോൾ, മരുഭൂമിയിൽ കൃഷിയും പച്ചപ്പും സാധ്യമാക്കിയതിന്റെ പാഠമാകും ഖത്തറിന് പകർന്നു നൽകാനുള്ളത്. വിവിധ വൻകരകളിലായി മരുഭൂവത്കരണം വെല്ലുവിളിയായി മാറുമ്പോൾ മരുഭൂമിയെ പച്ചത്തുരുത്താക്കിയ ശാസ്ത്രീയ മാർഗങ്ങളും ഈ മേഖലയിലെ ഗവേഷണങ്ങളുമെല്ലാം പങ്കുവെക്കാനുള്ള വേദിയായി എക്സ്പോ മാറും. വിവിധ പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, ആശയങ്ങൾ, മാതൃകകൾ തുടങ്ങിയവയും വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ പങ്കുവെക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനപ്പുറം കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്തുള്ള സമ്മേളനങ്ങളും നടക്കും. കാർഷിക മേഖലയിലെ പുതിയ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കും. കാർബൺ പ്രസരണം കുറച്ചുകൊണ്ട് സുസ്ഥിരതയിലൂന്നിയാണ് പ്രദർശന നഗരിയുടെ പ്രവർത്തനങ്ങൾ.
ആറു മാസം; മൂന്നു വേദികൾ
അൽ ബിദ പാർക്കിൽ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആറു മാസം നീളുന്ന എക്സ്പോ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം വീതം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഫാമിലി ഏരിയയും കൾചറൽ ഏരിയയും. ഏഴു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അന്താരാഷ്ട്ര ഏരിയ മൂന്നാമത്തെ പ്രധാന മേഖല. 8920 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിലി ഗാലറി പ്രധാന സവിശേഷതയാണ്. 1500 മുതൽ 2000 പേർക്ക് വരെ ഒരേസമയം ഇവിടെ വിനോദ പരിപാടികൾ ആസ്വദിക്കാം.
കുടുംബങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്ക് മാത്രമായിരിക്കും ഇത് ഉപയോഗപ്പെടുത്തുക. കുടുംബ മേഖലയിലെ കാർഷിക ചന്ത മറ്റൊരു സവിശേഷത. അന്താരാഷ്ട്ര പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇവിടെ എത്തിച്ച് പ്രദർശിപ്പിക്കാനും വിൽപന നടത്താനും സൗകര്യമുണ്ട്. പ്രാദേശിക കാർഷിക മേഖലക്കുള്ള പിന്തുണയുടെ ഭാഗമായി ഖത്തരി ഫാമുകളിൽ നിന്നുള്ള പ്രദർശനവും പ്രധാന ആകർഷണമാണ്. ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ മൂന്ന് ഏരിയകളായി അന്താരാഷ്ട്ര സ്പോൺസർമാർക്ക് 970 ചതുരശ്ര മീറ്റർ സൗകര്യമുള്ള കേന്ദ്രമുണ്ട്.
കരകൗശല പ്രദർശനവുമായി 9260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കരകൗശല ചന്ത. ഫാമിലി ഏരിയയിലെ 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിലി ഫാം എന്നിവയും ഉൾക്കൊള്ളുന്നു. ഫാമിലി ഏരിയയിലെ മറ്റൊരു ശ്രദ്ധേയ ഇടമാണ് ജൈവവൈവിധ്യ മ്യൂസിയം. ഇൻഡോർ 4510 ചതുരശ്ര മീറ്ററും ഔട്ട്ഡോർ 1500 ചതുരശ്ര മീറ്ററുമാണ് വിസ്തൃതി. വിവിധ സമ്മേളനങ്ങളുടെയും മറ്റു പരിപാടികളുടെയും വേദിയാണ് കോൺഫറൻസ് സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.