ദോഹ എക്സ്പോ; ഒരുക്കം അവസാന ഘട്ടത്തിൽ
text_fieldsദോഹ: ഖത്തറും കാർഷിക ലോകവും കാത്തിരിക്കുന്ന ഇന്റർനാഷനൽ ഹോർടികൾചറൽ എക്സ്പോ വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന എക്സ്പോയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങളുടെ 80 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിന്റെ നേതൃത്വത്തിലാണ് എക്സ്പോ ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. എക്സ്പോ ഹൗസിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായെന്ന് എക്സ്പോ പ്രോജക്ട് മാനേജർ എന്‍ജിനീയര്‍ ഫാത്തിമ അല്‍ അബ്ദ് അല്‍ മാലിക് വ്യക്തമാക്കി. എക്സ്പോ ഹൗസിനെ ഹരിതാഭമാക്കാന്‍ രണ്ട് സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. താപനില കുറച്ചു പച്ചപ്പിനുള്ള ജലസേചനത്തില്‍ ഗണ്യമായ കുറവു വരുത്താന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യകള്‍.
എക്സ്പോയിൽ പങ്കെടുക്കുന്ന മുഴുവൻ രാജ്യങ്ങളുടെയും പവിലിയനുകളുടെയും നിർമാണം അഷ്ഗാലിനു കീഴിലാണ്. ആതിഥേയരായ ഖത്തറിന്റെയും നെതർലൻഡ്സ് പവിലിയൻ, വി.ഐ.പി പവിലിയൻ ഉൾപ്പെടെ നിർമാണങ്ങളെല്ലാം പുരോഗമിക്കുന്നു.
ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ രണ്ടു നിലകളിലായുള്ള എക്സ്പോ ഹൗസിന് 12 മീറ്ററാണ് ഉയരം. ദോഹ കോര്‍ണിഷിലെ അല്‍ ബിദ പാര്‍ക്കിലെ 17 ലക്ഷം ചതുരശ്രമീറ്ററില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്സ്പോ നടക്കുന്നത്. ആറു മാസം നീളുന്ന എക്സ്പോയിലേക്ക് എണ്‍പതിലധികം രാജ്യങ്ങളുടെ പങ്കാളിത്തം നിലവില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. 30 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിച്ചുകൊണ്ടാണ് എക്സ്പോയുടെ ഒരുക്കങ്ങള്‍. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര ജൈവകാർഷിക പ്രദർശനത്തിന് ഖത്തർ വേദിയൊരുക്കുന്നത്.
ജി.സി.സി, മെന മേഖല വേദിയാവുന്ന ആദ്യ ഹോർടി കൾചറൽ എക്സ്പോയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് എക്സ്പോ നാഷനൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗരി പറഞ്ഞു.
കാർഷിക, പാരിസ്ഥിതിക മേഖലകളിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ചെറുക്കുന്നതുമായിരിക്കും എക്സ്പോയുടെ പ്രദർശനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.