ദോഹ എക്സ്പോ: ഒരുക്കം വിലയിരുത്തി മന്ത്രിതല സന്ദർശനം
text_fieldsദോഹ: കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദോഹ എക്സ്പോ വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാരുടെ നേതൃത്വത്തിലെ ഉന്നത സംഘം. ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, മുനിസിപ്പാലിറ്റി മന്ത്രിയും ദോഹ എക്സ്പോ സംഘാടകസമിതി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈഇ, പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെ പ്രസിഡന്റ് എൻജിനീയർ സഅദ് ബിൻ അഹമ്മദ് അൽ മുഹന്നദി എന്നിവർ അൽ ബിദ പാർക്കിലെ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ ആസ്ഥാനവും, എക്സ്പോ പവലിയനുകളും സന്ദർശിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു ഉന്നത സംഘം ഒരുക്കങ്ങൾ വിലയിരുത്താനായി അൽ ബിദയിലെത്തിയത്. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്ന ദോഹ എക്സ്പോയുടെ അവസാനവട്ട തയാറെടുപ്പുകൾ സംഘം സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായും, പ്രതിനിധികളുമായും ആഭ്യന്തര മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയും കൂടിക്കാഴ്ച നടത്തി. ലോകകപ്പ് ഫുട്ബാൾ കൊടിയിറങ്ങി ഏതാനും മാസങ്ങൾക്കുശേഷമാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ മറ്റൊരു മേളക്ക് ദോഹ സാക്ഷ്യംവഹിക്കുന്നത്. 2024 മാർച്ച് 28 വരെ നീണ്ടു നിൽക്കുന്ന എക്സ്പോക്കായി 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയാണ് ഒരുക്കിയത്. 88 രാജ്യങ്ങൾ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.