ദോഹ എക്സ്പോയിലെ സന്ദർശകർ പത്തു ലക്ഷത്തിലേക്ക്
text_fieldsദോഹ: ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ച് 50 ദിവസത്തോളം പിന്നിട്ട ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിലെ സന്ദർശകരുടെ എണ്ണം പത്തു ലക്ഷത്തോളമായെന്ന് സംഘാടകർ. അൽ ബിദ പാർക്ക് വേദിയാകുന്ന അന്താരാഷ്ട്ര എക്സ്പോയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും താമസക്കാരും ഉൾപ്പെടെ സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറുന്നത്.
മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോയെ സ്വദേശികളും പ്രവാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും നെഞ്ചേറ്റിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യമായി മരുഭൂ മണ്ണിൽ നടക്കുന്ന ഹോർട്ടി കൾചറൽ എക്സ്പോ എന്ന സവിശേഷതയും ദോഹ എക്സ്പോക്കുണ്ട്. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിൽ തുടരുന്ന ദോഹ എക്സ്പോയിലേക്ക് സ്കൂൾ വിദ്യാർഥികൾ, വിദേശ സന്ദർശകർ, പരിസ്ഥിതി പ്രവർത്തകർ, പഠിതാക്കൾ ഉൾപ്പെടെ നിരവധിപേരാണ് സന്ദർശകരായി എത്തുന്നത്.
വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ അറിയാനും സാംസ്കാരിക പൈതൃകങ്ങൾ മനസ്സിലാക്കാനുമായി നിരവധി പേർ സന്ദർശകരായെത്തുന്നുണ്ട്. മാർച്ച് 28വരെ നീണ്ടുനിൽക്കുന്ന എക്സ്പോയുടെ ഭാഗമായുള്ള പവിലിയനുകളിൽ 80 ശതമാനത്തിലേറെയും ഇതിനകം തുറന്നു കഴിഞ്ഞതായി മുഹമ്മദ് അലി അൽഖൗറി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. വരും മാസങ്ങളിലായി മറ്റു രാജ്യങ്ങളുടെ കൂടി പവിലിയനുകളും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക കൈമാറ്റത്തിന്റെയും നൂതന കണ്ടെത്തലുകളുടെയും അന്താരാഷ്ട്ര കേന്ദ്രമായി എക്സ്പോ മാറുകയാണെന്ന് എക്സ്പോ കമ്യൂണിക്കേഷൻ ആൻഡ് പി.ആർ ഡയറക്ടർ ഹൈഫ അൽ ഉതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.