ദോഹ എക്സ്പോ: മരം നട്ടു; ഡച്ച് പവിലിയൻ ഉയരുന്നു
text_fieldsദോഹ: ഏതാനും മാസങ്ങൾക്കപ്പുറം രാജ്യം വേദിയാകുന്ന ദോഹ എക്സ്പോയിൽ നെതർലൻഡ്സിന്റെ പവിലിയൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ വേദിയായ അൽ ബിദാ പാർക്കിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഡച്ച് പവിലിയന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പവിലിയനിൽ മരം നട്ടുകൊണ്ട് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി, നെതർലൻഡ്സ് അംബാസഡർ മർജാൻ കമസ്ത്ര എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തെ ഏറ്റവും വലിയ ജൈവ പരിസ്ഥിതി പ്രദർശനമാകാൻ ഒരുങ്ങുന്ന എക്സ്പോയിൽ ആദ്യമായി സാന്നിധ്യം അറിയിച്ച രാജ്യം കൂടിയാണ് നെതർലൻഡ്സ്. കഴിഞ്ഞ എക്സ്പോയുടെ ആതിഥേയർ കൂടിയായിരുന്നു ഇവർ. 1833 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പ്രകൃതി നിർമിതിയോടെയാണ് ഡച്ച് പവിലിയൻ ആസൂത്രണം ചെയ്യുന്നത്. പുറംഭാഗം മരുഭൂമിയുടെ സമാനമായ ലാൻഡ്സ്കേപ്പും അകം ശീതീകൃതമായ നഗരവും പൂന്തോട്ടവുമെല്ലാം ഉൾക്കൊള്ളുന്നതാകും പവിലിയൻ. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയായി ആറ് മാസമാണ് ദോഹ എക്സ്പോ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
179 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോക്ക് അൽബിദ്ദ പാർക്ക് വേദിയാകും. ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാക്കി പാർക്കിനെ വിഭജിച്ച്, കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദസഞ്ചാരികൾക്കും പൂന്തോട്ട നിർമാണ പ്രേമികൾക്കും ബിസിനസ് സന്ദർശകർക്കും വ്യത്യസ്ത പ്രവർത്തനങ്ങളാണ് എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.
ദോഹ എക്സ്പോയിൽ തങ്ങളുടെ പവിലിയൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച നെതർലൻഡ്സ് അംബാസഡർ, പൂന്തോട്ടവും കൃഷിയും ഉൾപ്പെടെ തങ്ങളുടെ വ്യവസായ മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദിയാവും ഇതെന്ന് വ്യക്തമാക്കി. 55ഓളം രാജ്യങ്ങളാണ് ദോഹ എക്സ്പോയിലെ പങ്കാളിത്തം ഇതുവരെ ഉറപ്പിച്ചത്.
ദോഹ എക്സ്പോ വേദിയിലെ ഡച്ച് പവിലിയൻ നിർമാണത്തിന്റെ ഭാഗമായി എക്സ്പോ സെക്രട്ടറി ജനറലും നെതർലൻഡ്സ് അംബാസഡറും മരം നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.