'സുസ്ഥിര ലക്ഷ്യത്തിന് ദോഹ എക്സ്പോ തുണയാകും'
text_fieldsദോഹ: ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചർ എക്സ്പോ സുസ്ഥിരത കൈവരിക്കുന്നതിലും മരുഭൂ വത്കരണത്തിനെതിരായ പോരാട്ടത്തിലും ശ്രദ്ധേയമായി മാറുമെന്ന് കുവൈത്ത് പവലിയൻ കമീഷണർ ജനറൽ സമീറ അൽ കന്ദരി.
എക്സ്പോയിൽ കുവൈത്ത് പവലിയൻ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായുള്ള കരാർ ഒപ്പുവെച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അവർ വ്യക്തമാക്കി. ഖത്തറും കുവൈത്തും തമ്മിലെ സാഹോദര്യബന്ധം മറ്റു പങ്കാളിത്തങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇരുരാജ്യങ്ങളിലെയും ആളുകളെയും നേതൃത്വത്തെയും ഊഷ്മളമായി ബന്ധിപ്പിക്കുന്നതാണ് സൗഹൃദം.
മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന മേഖലയിലെ സുപ്രധാന പരിപാടിയായതിനാലാണ് കുവൈത്ത് പങ്കെടുക്കാനും ഇതിന്റെ ഭാഗമാകാനും താൽപര്യം പ്രകടിപ്പിച്ചതെന്നും ലോകത്തുള്ള എല്ലാ രാജ്യങ്ങളുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അവർ വിശദീകരിച്ചു.
മരൂഭൂവത്കരണത്തിനെതിരായി പോരാടുന്ന രാജ്യങ്ങളുടെ അനുഭവങ്ങളെയും പരിസ്ഥിതി, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പ്രയത്നങ്ങളെയും പഠിക്കാനും അവയിൽനിന്ന് പ്രയോജനം നേടാനുമുള്ള മികച്ച അവസരമാണ് എക്സ്പോ ദോഹ 2023 എന്നും കുവൈത്ത് വാർത്താ ഏജൻസിക്ക് (കുന) നൽകിയ അഭിമുഖത്തിൽ അൽ കന്ദരി ചൂണ്ടിക്കാട്ടി. മരുഭൂവത്കരണത്തിന്റെ പ്രശ്നം പഠിക്കുന്നതിനും ആവശ്യമായ സുസ്ഥിരത കൈവരിക്കുന്നതിനും ഈ അവസരം സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ഹോർട്ടികൾച്ചറിൽ കുവൈത്തിന്റെ ശ്രമങ്ങളും പ്രത്യേകിച്ച് മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളും പവലിയനിൽ ഒന്നിലധികം ഉള്ളടക്കങ്ങളിലൂടെ സന്ദർശകരിലേക്കെത്തിക്കുമെന്നും സൂചിപ്പിച്ചു. കുവൈത്തിലെ സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നതായും സമീറ അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.