25 ലക്ഷം സന്ദർശകരുമായി ദോഹ എക്സ്പോ
text_fieldsദോഹ: ഒക്ടോബറിൽ തുടങ്ങിയ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ ഇതുവരെയായി സന്ദർശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി അധികൃതർ. ആദ്യ ദിനം മുതൽ മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറിയ എക്സ്പോയിൽ ഏഷ്യൻ കപ്പ് വേളയിലും സന്ദർശക തിരക്കേറി.
ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 25 ലക്ഷം സന്ദർശകരെത്തിയതായി എക്സ്പോ ദോഹ സെക്രട്ടറി മുഹമ്മദ് അൽ ഖൂരി പറഞ്ഞു. ഏറ്റവും മികച്ച കാലാവസ്ഥ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന ഘടകമായെന്നും അൽ ഖൂരി ചൂണ്ടിക്കാട്ടി.
മൂന്നു ദശലക്ഷം സന്ദർശകരെയാണ് എക്സ്പോ ദോഹയിൽ പ്രതീക്ഷിക്കുന്നതെന്നും അടുത്തിടെ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സുഖകരമായ കാലാവസ്ഥയും ശൈത്യകാല അവധിയും ഒരുമിച്ചെത്തിയതിനാൽ കഴിഞ്ഞ മൂന്നു മാസങ്ങളിൽ നിരവധി സന്ദർശകരാണ് എക്സ്പോ കാണാനെത്തിയത്. വരും മാസങ്ങളിലും സന്ദർശകരുടെ വർധനവ് പ്രതീക്ഷിക്കുന്നതായും എക്സ്പോ ദോഹ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങളും കാർഷികരീതികളും വിനോദസഞ്ചാര വ്യവസായവും അടുത്തറിയുന്നതിന് സന്ദർശകർക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. എക്സ്പോ ഹൗസ് ഇതിനകം വാർത്തകളിൽ ഇടം നേടിയതായും അടുക്കളത്തോട്ടത്തിനും വീട്ടുമുറ്റത്തെ ലാൻഡ്സ്കേപ്പിങ്ങിനും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. 4031 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള എക്സ്പോ ഹൗസ്, ഏറ്റവും വലിയ ഗ്രീൻ റൂഫിന് ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
ഹരിത മേൽക്കൂര എന്ന ആശയം സ്വീകരിക്കാൻ വീടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കുകയാണെന്നും, ഇതിനകം തന്നെ ചില വീടുകളിൽ ഹരിത മേൽക്കൂര സ്ഥാപിച്ചതായും അൽഖൂരി പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്ത് മേൽക്കൂരയിലെ തോട്ടങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം പുറപ്പെടുവിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്പോയിൽ ഫെബ്രുവരി മാസത്തിൽ അഗ്രിറ്റ്ക്യൂ 2024 എന്ന അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിന് എക്സ്പോ വേദിയാകുമെന്ന് അൽഖൂരി അറിയിച്ചു. കാർഷിക, പരിസ്ഥിതി മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര വാർഷിക പ്രദർശനമാണിത് -അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.