ലോകനേതാക്കളെത്തി; ദോഹ ഫോറത്തിന് ഇന്ന് തുടക്കം
text_fieldsദോഹ: ലോക രാജ്യങ്ങളുടെ നേതാക്കളും മന്ത്രിമാരും നയതന്ത്ര വിദഗ്ധരും ശാസ്ത്ര -സാങ്കേതിക പ്രതിഭകളും എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന ദോഹ ഫോറത്തിന് ശനിയാഴ്ച തുടക്കം. എല്ലാ വർഷങ്ങളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും നയരൂപകർത്താക്കളും ഒരു വേദിയിൽ ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ -പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദോഹ ഫോറത്തിന്റെ 22ാമത് പതിപ്പിനാണ് ഇത്തവണ രാജ്യ തലസ്ഥാനം വേദിയൊരുക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടൽ വേദിയാകുന്ന ഫോറത്തിൽ 150 രാജ്യങ്ങളിൽനിന്നായി 4500ലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹ അൽ കുവാരി കഴിഞ്ഞ ദിവസം അറിയിച്ചു.
‘നവീകരണത്തിന്റെ അനിവാര്യത’ എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി 80ലേറെ സെഷനുകളിൽ ചർച്ചകളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കുന്ന ഫോറത്തിൽ 300 പ്രമുഖ പ്രഭാഷകർ പങ്കെടുക്കും. ഏഴ് രാഷ്ട്രത്തലവന്മാർ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉൾപ്പെടെ 15 വിദേശകാര്യ മന്ത്രിമാർ, വിവിധ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘടനാ നേതാക്കൾ, ഐക്യരാഷ്ട്ര സഭ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കും. ജിയോ പൊളിറ്റിക്സ്, സാമ്പത്തികം, നൂതന സാങ്കേതിക വിദ്യകള്, സുരക്ഷ, സാംസ്കാരിക നയതന്ത്രം തുടങ്ങി അഞ്ച് വിഷയങ്ങളിലാണ് പ്രധാനമായും ചര്ച്ചകള് നടത്തുക.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടനം. വിവിധ രാഷ്ട്രത്തലവന്മാരും ലോകനേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10.50 പുതുയുഗത്തിലെ സംഘർഷങ്ങളുടെ പരിഹാരം സംബന്ധിച്ച് നടക്കുന്ന ആദ്യ സെഷനിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽ ഥാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, നോർവേ വിദേശകാര്യ മന്ത്രി എസ്പൻ ബാർത് ഈദ് എന്നിവർ സംസാരിക്കും. സി.എൻ.എൻ അവതാരക ക്രിസ്റ്റിൻ അമൻപുർ ആണ് മോഡറേറ്റർ.
‘ഇന്റലിജെന്റ് ഇകണോമി കാലത്തെ മത്സരം’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, റുവാണ്ട ഐ.ടി മന്ത്രി പൗല ഇൻഗാബിർ, തുർക്കി ധനകാര്യ മന്ത്രി മഹ്മദ് സിംസെക് എന്നിവർ പങ്കെടുക്കും. ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, തുർക്കിയ പ്രഥമ വനിത അമിൻ ഉർദുഗാൻ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, യു.എസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗാചി, സെനഗാൾ പ്രസിഡന്റ് ബാസിറോ ഡിയോമേ ഫായെ, ഖത്തർ എനർജി സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സഅ്ദ് ശരിദ അൽ കഅ്ബി, ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്, വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി, തുർക്കിയ വിദേകാര്യമന്ത്രി ഹകാൻ ഫിദാൻ, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ ബദ്ർ മുഹമ്മദ് അൽ മീർ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും. ശശി തരൂർ എം.പിയുടെ മകനും വാഷിങ്ടൺ പോസ്റ്റ് ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റുമായ ഇഷാൻ തരൂർ മോഡറേറ്ററായും പങ്കെടുക്കും. മാറുന്ന ലോക സാഹചര്യങ്ങളിൽ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ലോക നേതാക്കളും നയരൂപകർത്താകളും പങ്കെടുക്കുന്ന വേദികളിലൂടെ പുതിയ ആശയങ്ങൾക്കും പരിഹാരങ്ങൾക്കും രൂപം നൽകാനും രണ്ടു ദിവസത്തിലെ ഫോറത്തിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
അമീർ ഉദ്ഘാടനം ചെയ്യും
ദോഹ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന 22ാമത് ദോഹ ഫോറത്തിന്റെ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നിർവഹിക്കും. ഷെറാട്ടൺ ഹോട്ടലിൽ രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.
വിവിധ രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖർ ഉൾപ്പെടെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.