ആഗോള വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് ദോഹ ഫോറം
text_fieldsദോഹ: നീറുന്ന പ്രശ്നങ്ങളിലേക്കും സാമൂഹിക വിഷയങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ദ്വിദിന ദോഹ ഫോറം ചർച്ചകൾക്ക് തുടക്കം. വിവിധ രാഷ്ട്ര നേതാക്കൾ, മന്ത്രിമാർ, നയതന്ത്ര പ്രമുഖർ, മാധ്യമ പ്രവർത്തകർ എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ പ്രതിഭകൾ പങ്കെടുക്കുന്ന ഫോറം ശനിയാഴ്ച രാവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ‘നവീകരണത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിലാണ് 22ാമത് ഫോറത്തിന് ഷെറാട്ടൺ ഹോട്ടൽ വേദിയാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ സെനഗാൾ പ്രസിഡന്റ് ബാസിറോ ദിയോമയേ ഫായി, ഡൊമനികൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് റോഡോൾഫ് അബിനദർ, നമീബിയ പ്രസിഡന്റ് ഡോ. നാൻഗോളോ ബുംബ, ബോസ്നിയ ചെയർപേഴ്സൻ സെൽക സിജാനോവിച്, കസാഖിസ്താൻ പ്രസിഡന്റ് ഖാസിം ജൊമർത് തൊകയേവ്, റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ഫൗസ്റ്റിൻ അർചാൻഗെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ, നോർവെ വിദേശകാര്യമന്ത്രി എസ്പൻ ബരാത് ഈദ് എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ സെഷനുകളിൽ യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ, തുർക്കിയ പ്രഥമ വനിത അമിനെ ഉർദുഗാൻ, ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
ഞായറാഴ്ച നടക്കുന്ന സെഷനുകളിൽ ഖത്തരി മന്ത്രിമാർ, വിഷയ വിദഗ്ധർ എന്നിവർ പങ്കെടുക്കും. യൂറോപ്യൻ യൂനിയൻ-ഇറാൻ ചർച്ചയും മേഖലയിലെ സ്ഥിരതയും, ഇസ്ലാമോഫോബിയയും ആന്റി സെമിറ്റിസവും നയതന്ത്രം-ചർച്ച, ആഗോള വിദ്യാഭ്യാസ പ്രതിസന്ധിയും സാമ്പത്തിക സഹായവും തുടങ്ങി വിവിധ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.