ആഗോള വെല്ലുവിളികൾക്ക് പരിഹാരം തേടി ദോഹ ഫോറം
text_fieldsദോഹ: ഇസ്രായേലിന്റെ ഗസ്സ ആക്രമണം ഉൾപ്പെടെ നീറുന്ന അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ലോകശ്രദ്ധ നയിക്കുന്ന ചർച്ചകളുമായി ദോഹ ഫോറത്തിന് ഉജ്ജ്വല തുടക്കം. ലോകനേതാക്കൾ ഉൾപ്പെടുന്ന സദസ്സിനെ സാക്ഷിയാക്കി ഞായറാഴ്ച രാവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, കൊസോവോ പ്രസിഡന്റ് ഡോ. വോസോ ഉസ്മാനി സദിറു, സെനഗാൾ പ്രസിഡന്റ് മാക്കി സാൾ, സാൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മവ്നി, ജോർഡൻ പ്രധാനമന്ത്രി ഡോ. ബിഷ്ർ അൽ ഖസ്നേഹ്, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതായേഹ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത വ്യക്തികൾ, അക്കാദമിക വിദഗ്ധർ ഉൾപ്പെടെ പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു രണ്ടു ദിവസത്തെ ഫോറത്തിന് തുടക്കം കുറിച്ചത്.
ലോക നേതാക്കൾ, ഭരണകർത്താക്കൾ, നയതന്ത്ര വിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പാനലിസ്റ്റുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന വൈവിധ്യമാർന്ന ചർച്ചകളാൽ സമ്പന്നമായ പകലിനായിരുന്നു ഷെറാട്ടണിലെ വേദി പിന്നീട് സാക്ഷ്യം വഹിച്ചത്.
ചടങ്ങിൽ ദോഹ ഫോറം പുരസ്കാരം ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) കമീഷണർ ജനറൽ ഫിലിപ് ലാസറിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംസാരിച്ചു.
ഗസ്സയിൽ ഇസ്രായേൽ വരുത്തിവെക്കുന്ന മാനുഷിക ദുരന്തം അന്താരാഷ്ട്ര സംവിധാനങ്ങളുടെ ആത്മാർഥതയെയും സ്വഭാവത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് ഓർമപ്പെടുത്തിയായിരുന്നു ഖത്തർ പ്രധാനമന്ത്രി സംസാരിച്ചത്. ഗസ്സയിലെ 23 ലക്ഷം വരുന്ന ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ വ്യാപ്തിയും അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയും അദ്ദേഹം ബോധ്യപ്പെടുത്തി. രണ്ടാം ദിനമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഫോറത്തിന് തുടക്കം കുറിക്കും.
വെല്ലുവിളി നേരിടുന്ന ലോകത്തെ മാനുഷിക നയതന്ത്രം എന്ന വിഷയത്തിൽ യു.എൻ റിലീഫ് കോഓഡിനേറ്റർ മാർടിൻ ഗ്രിഫിത്, ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതിർ ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കും.
‘ഫലസ്തീൻ ആഗോളം വെല്ലുവിളി; പരിഹാരമുണ്ടോ’ വിഷയത്തിൽ 10 മുതൽ പ്രത്യേക സെഷനും ആരംഭിക്കും. മന്ത്രിമാർ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കും.
യുദ്ധത്തിന് ഉത്തരവാദി അമേരിക്ക -റഷ്യൻ വിദേശകാര്യ മന്ത്രി
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന യുദ്ധത്തിന്റെ ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ദോഹ ഫോറത്തിൽ അൽ ജസീറ ഡിപ്ലോമാറ്റിക് എഡിറ്റർ ജെയിംസ് ബേ നയിച്ച സെഷനിൽ പങ്കെടുത്താണ് അദ്ദേഹം അമേരിക്കക്കെതിരെ വിമർശനം ഉന്നയിച്ചത്.
യു.എൻ രക്ഷാസമിതിയിലെ ഓരോ പ്രമേയങ്ങളെയും അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുമ്പോൾ ഇതിന്റെയെല്ലാം ഉത്തരവാദിത്തം അവർക്കാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക ഇടപെടലുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത ലാവ്റോവ്, പാശ്ചാത്യ രാജ്യങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.