തലമുറകളിലേക്ക് സുസ്ഥിര സന്ദേശം പകർന്ന് എക്സ്പോ
text_fieldsദോഹ: പുതു തലമുറയിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരതയുടെയും സന്ദേശങ്ങൾ പകർന്ന് ദോഹ ഹോർട്ടികൾചറൽ എക്സ്പോയുടെ സമാപനം. ആറുമാസം നീണ്ട എക്സ്പോയിൽ വിദ്യാർഥികൾക്കായി നിരവധി പരിപാടികളാണ് അരങ്ങേറിയത്. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതിലും യുവതലമുറക്ക് എക്സ്പോ വഴി സാധിച്ചുവെന്ന് വിലയിരുത്തുന്നു. 2023 ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ ആറ് മാസം നീണ്ട ദോഹ എക്സ്പോയിൽ 346 സ്കൂളുകളിൽ നിന്ന് 33,000 ത്തിലധികം വിദ്യാർഥികളാണ് സന്ദർശകരായെത്തിയത്.
സുസ്ഥിരതയിലൂന്നിക്കൊണ്ട് അവതരിപ്പിച്ച എക്സ്പോ, അതിന്റെ അധിക പ്രവർത്തനങ്ങളിലും സുസ്ഥിരത ഉൾക്കൊണ്ടുകൊണ്ടായിരുന്നു ലോകത്തിന് മുന്നിൽ സമർപ്പിച്ചത്. കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ബയോ ഡീഗ്രേഡബിൾ ഫർണിച്ചറുകൾ എന്നിങ്ങനെ ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച നിരവധി സുസ്ഥിര കെട്ടിടങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. അൽബിദ്ദ മെട്രോ സ്റ്റേഷനോട് ചേർന്നാണ് വേദിയെന്നതിനാൽ സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാനും എക്സ്പോ സംഘാടകർ സന്ദർശകരെ പ്രോത്സാഹിപ്പിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നതിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ സ്കൂൾ കുട്ടികളടങ്ങുന്ന ഭാവിതലമുറക്ക് അവബോധം പകർന്ന് നൽകാൻ കഴിഞ്ഞു.
525 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഖത്തറിന്റെ ഭൂപടത്തിന്റെ രൂപരേഖ വരച്ച് അതിൽ 80,000 പൂക്കൾ നട്ടുപിടിപ്പിച്ചതിൽ രാജ്യത്തെ 86 സ്കൂളുകളിൽ നിന്ന് 4000 വിദ്യാർഥികളാണ് പങ്കെടുത്തത്. യുവാക്കളിലേക്ക് പാരിസ്ഥിതിക, സുസ്ഥിര മൂല്യങ്ങൾ പകരുന്നതിലൂടെ ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തലമുറയെ പടുത്തുയർത്തുക കൂടിയായിരുന്നു എക്സ്പോയുടെ ലക്ഷ്യം. വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ ചേർക്കുന്നതിലൂടെ മൂല്യമേറിയ വിദ്യാഭ്യാസ അനുഭവം പകർന്ന് നൽകാനും എക്സ്പോക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.