ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsദോഹ: ഖത്തറിലെയും ഗൾഫ് മേഖലയിലെയും വായന പ്രേമികളുടെ ഉത്സവകാലമായി 32ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു.
‘വായനയിലൂടെ നമ്മൾ വളരുന്നു’ പ്രമേയത്തിൽ സ്വദേശികളിലും പ്രവാസി സമൂഹത്തിലും വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സന്ദേശവുമായാണ് ഇത്തവണ പത്തുദിനം നീളുന്ന പുസ്തക പ്രദർശനം നടക്കുന്നത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി വിവിധ പവിലിയനുകൾ സന്ദർശിച്ചു.
ഖത്തരി, അറബ്, വിദേശ പ്രസാധക സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികളുടെ പ്രസിദ്ധീകരണാലയങ്ങൾ, അറബ്, അന്താരാഷ്ട്ര ഏജൻസികളുടെ പവിലിയനുകൾ, വിവിധ എംബസികളുടെ കീഴിലുള്ള പ്രദർശനങ്ങൾ എന്നിവ അദ്ദേഹം സന്ദർശിച്ചു. െഗസ്റ്റ് ഓഫ് ഓണർ ആയി ഇത്തവണ സൗദിയുടെ പവിലിയനാണ് മേളയുടെ പ്രധാന ആകർഷണം.
ഉദ്ഘാടനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ആൽഥാനിയും വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും പങ്കെടുത്തു. സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന പുസ്തക പ്രദർശനത്തിൽ 37 രാജ്യങ്ങളിൽനിന്നായി അഞ്ഞൂറോളം പ്രസാധകരാണ് പങ്കെടുക്കുന്നത്.
ജൂൺ 21 വരെ നടക്കുന്ന പ്രദർശനത്തിൽ സാംസ്കാരിക, ശാസ്ത്ര, സാഹിത്യ, സാമൂഹിക വിഷയങ്ങളിലായി 37 സെമിനാറുകളും നടക്കുന്നുണ്ട്.
വിവിധ പുസ്തകങ്ങളുടെ പ്രകാശനം, ശിൽപശാലകൾ, കുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഒയാസിസ് ഉൾപ്പെടെ വിവിധ പരിപാടികൾ, തത്സമയ കുക്കിങ് തുടങ്ങി വൈവിധ്യമാർന്ന വിരുന്നുകളാണ് ഇത്തവണ ഒരുക്കിയത്. അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തമുള്ള ഫെസ്റ്റിൽ 7.50 ലക്ഷത്തോളം പുസ്തകങ്ങളാണുള്ളത്. ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി 10 വരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.