ബംഗളൂരുവിൽ നിന്നുള്ള പ്രധാന യാത്രാകേന്ദ്രമായി ദോഹ
text_fieldsദോഹ: ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഏറ്റവും രാജ്യാന്തര യാത്രക്കാർ എത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദോഹയും.
ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് കീഴിലുള്ള കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രികരുടെ പട്ടിക പുറത്തുവിട്ടപ്പോൾ ആകെ രാജ്യാന്തര യാത്രികരിൽ 70 ശതമാനവും ദോഹ ഉൾപ്പെടെ ആറ് നഗരങ്ങളിലേക്കാണുള്ളത്. ദുബൈ, മാലി, ലണ്ടൻ, ഫ്രാങ്ക്ഫുർട്ട് നഗരങ്ങളാണ് ബംഗളൂരുവിൽനിന്നുള്ള യാത്രക്കാരുടെ മറ്റ് ഇഷ്ട രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങൾ.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യാന്തര യാത്രാ മാർഗങ്ങളെല്ലാം മുടങ്ങിയപ്പോൾ, ഇന്ത്യക്കാർക്ക് വഴി തുറന്നുനൽകിയാണ് ദോഹ ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള പ്രധാന ഹബായി മാറിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാരെയും ഖത്തർ സ്വാഗതം ചെയ്തപ്പോൾ, വിദേശ യാത്രകളിലേക്കുള്ള ട്രാൻസിറ്റ് ഹബായും ദോഹ മാറി. സൗദി, ഒമാൻ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യക്കാർ ഏറെയും ദോഹയിലെത്തി ക്വാറന്റീൻ പൂർത്തിയാക്കിയാണ് കഴിഞ്ഞ വർഷങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചത്.
17.7 ദശലക്ഷം യാത്രക്കാരാണ് 2021ൽ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് എന്നാണ് റിപ്പോർട്ട്.
മുൻ വർഷങ്ങളേക്കാൾ 41.37 ശതമാനം വർധനവാണിത്. നിലവിൽ ദോഹയിൽനിന്നും 156 നഗരങ്ങളിലേക്ക് വിമാസ സർവിസുകളുണ്ട്.
ധാക്ക, മാലി, കാഠ്മണ്ഡു, ലണ്ടൻ എന്നീ നഗരങ്ങളാണ് ദോഹയിൽനിന്ന് ഏറ്റവും കൂടുതൽപേർ യാത്രചെയ്ത വിമാനത്താവളങ്ങൾ.
2021ലെ പ്രതീക്ഷ നൽകുന്ന സാഹചര്യത്തിൽനിന്ന് 2022ൽ രാജ്യാന്തര യാത്രകൾ കൂടുതൽ സുഖമാവുമെന്ന് പ്രതീക്ഷിക്കുന്നതായി 'ബിയാൽ' എം.ഡിയും സി.ഇ.ഒയുമായ ഹരി മാരാർ പറഞ്ഞു. ആഭ്യന്തര യാത്രകളിൽ 40 ശതമാനവും ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് ഗോവ നഗരങ്ങളിലേക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.