മനോഹര നഗരങ്ങളുടെ പട്ടികയിൽ ദോഹയും
text_fieldsദോഹ: ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തർ ലോകമെങ്ങുമുള്ള സഞ്ചാരികൾ കണ്ടിരിക്കേണ്ട നഗരങ്ങളിൽ ഒന്നാണെന്ന് ടൈം മാഗസിൻ. വിവിധ രാജ്യങ്ങളിലെ 50 സ്ഥലങ്ങളെ ഉൾപ്പെടുത്തി 'ലോകത്തെ മഹത്തരമായ സ്ഥലങ്ങൾ' എന്ന പേരിൽ ടൈം മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ ഒന്നായാണ് ദോഹയും ഇടംപിടിച്ചത്.
ലോകകപ്പിനായി ഖത്തർ ഒരുക്കിയ സർവസജ്ജീകരണങ്ങളാണ് ദോഹയെ ഈ പട്ടികയിൽ ഇടം കണ്ടെത്താൻ വഴിയൊരുക്കിയത്. 15 ലക്ഷം ആരാധകരെ വരവേറ്റുകൊണ്ട് ഒരുക്കിയ സൗകര്യങ്ങൾ, ഹോട്ടൽ, താമസ സംവിധാനങ്ങൾ, സ്റ്റേഡിയങ്ങളുടെ അദ്ഭുത നിർമാണങ്ങൾ, നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും തുടിക്കുന്ന സ്ഥലങ്ങൾ എന്നിവയാണ് ദോഹയെ ആകർഷകമാക്കുന്നത്. ലോകകപ്പ് വണ്ടേഴ്സ് എന്ന വിശേഷണത്തോടെയാണ് പട്ടികയിൽ ദോഹയെ വിശേഷിപ്പിക്കന്നത്.
3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് എന്നിവ പ്രത്യേകം പരാമർശിക്കപ്പെടുന്നു. ലോകകപ്പിനെത്തുന്ന സഞ്ചാരികൾക്ക് ഏറെ ആകർഷണീയമായ അനുഭവമായാണ് ഒളിമ്പിക് മ്യുസിയത്തെ വിശേഷിപ്പിക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലുസൈൽ ലോകകപ്പ് സ്റ്റേഡിയം, ലോകകപ്പ് കാണികൾക്കായി തയാറാക്കുന്ന 1000ത്തോളം ടെന്‍റ് ക്യാമ്പുകൾ, എം.എസ്.സി ക്രൂസ് ഷിപ്, ലോകകപ്പ് കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഷട്ട്ൽ സർവിസ് വിമാനങ്ങൾ എന്നിവയെല്ലാം ഖത്തറിനെ പരിചയപ്പെടുത്തിക്കൊണ്ട് വിവരിക്കുന്നു.
യു.എ.ഇയിലെ റാസൽ ഖൈമ, അമേരിക്കയിലെ യൂറ്റാ പാർക്സിറ്റി, ഇക്വഡോറിലെ ഗലാപഗോസ് ദ്വീപ്, ചെക്ക്റിപ്പബ്ലിക്കിലെ ഡോൾനി മൊറാവ, ദക്ഷിണ കൊറിയൻ നഗരമായ സോൾ, ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് എന്നിവയും ദോഹക്കൊപ്പം ഇടം നേടിയിട്ടുണ്ട്. ഇക്കോ ടൂറിസം സ്പോട്ടായി കേരളം പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്. അഹ്മദാബാദ് മറ്റൊരു ഇന്ത്യൻ നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.