ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന് ദോഹയും വേദി
text_fieldsദോഹ: 45 രാജ്യങ്ങളിലായി, 15 ഭാഷകളിൽ ഒരേസമയം നടക്കുന്ന ലോക ക്വിസ് ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ പങ്കാളിയായി ഖത്തറും. ഇന്‍റർനാഷനൽ ക്വിസിങ് അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ ദോഹ നജ്മയിലെ മൈറ്റ് കൺസൾട്ടൻസി ഹാളിലാണ് ഖത്തറിലെ വേദി.
ജൂൺ നാലിന് ഉച്ചക്ക് 12 മണിക്കാണ് ലോക ചാമ്പ്യൻഷിപ് മത്സരം നടക്കുക. മീഡിയ, സംസ്കാരം , വിനോദം, ചരിത്രം, ജീവിതശൈലി, ശാസ്ത്രം, കായികം, ലോകം എന്നിങ്ങനെ എട്ടു മേഖലകളിൽ നിന്നായി 240 ചോദ്യങ്ങളിലായാണ് മത്സരം. 120 ചോദ്യങ്ങൾ അടങ്ങുന്ന രണ്ടു ഭാഗങ്ങളുണ്ടാവും.
ഓരോ ഭാഗങ്ങൾക്കും ഉത്തരം എഴുതാൻ ഒരു മണിക്കൂർ സമയം ലഭിക്കും. ലോക ക്വിസ് ചാമ്പ്യനെ കണ്ടെത്താനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 240 ഇൽ പരം കേന്ദ്രങ്ങളിൽ ഒരേസമയം നടത്തുന്ന ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്ക് ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷന്റെ പങ്കാളിത്ത സാക്ഷ്യപത്രവും ലഭിക്കും.
ലോക ക്വിസിങ് ചാമ്പ്യൻഷിപ് ഖത്തർ ചാപ്റ്റർ പ്രോക്ടറായി അക്ഷയ ജി. അശോകിനെ തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +974 31587300 എന്ന നമ്പറിലോ wqcqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ ഒന്നിന് മുമ്പായി രജിസ്റ്റർ ചെയ്യണം. എല്ലാ പ്രായ വിഭാഗക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം.
2003ൽ ആരംഭിച്ച ലോക ക്വിസിങ് ചാമ്പ്യൻഷിപ് തൊട്ടടുത്ത വർഷമാണ് കൂടുതൽ രാജ്യങ്ങളിലായി ഒരേസമയം സംഘടിപ്പിച്ച് തുടങ്ങിയത്. 2006മുതൽ ജൂണിലെ ആദ്യ ശനിയാഴ്ചയെന്ന നിലയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരേസമയം മത്സരം ക്രമീകരിക്കപ്പെട്ടു. 2019ലാണ് ദോഹ ആദ്യമായി ചാമ്പ്യൻഷിപ്പിന് വേദിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.