ദോഹ ഒരുങ്ങുന്നു...സൂപ്പർതാരങ്ങളുടെ ‘ഡയമണ്ട്’ പോരിന്
text_fieldsദോഹ: ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര, ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅ്തസ് ബർഷിം, ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി, ജാവലിനിലെ ഇരട്ട ലോകചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ്, ലോകത്തിലെ ഏറ്റവും മികച്ച സ്പ്രിന്റർമാരായ ആന്ദ്രെ ഡി ഗ്രാസ്, മൈക്കൽ നോർമൻ, ഫ്രെഡ് കെർലി, കെന്നി ബെഡ്നാറെക് തുടങ്ങിയ സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് പോരാട്ടത്തിന് കാതോർത്ത് ദോഹ. ലോക അത്ലറ്റിക്സ് കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ ചാമ്പ്യൻഷിപ്പുകളിൽ ഒന്നായ ഡയമണ്ട് ലീഗിന്റെ സീസണിന് ദോഹയിലാണ് തുടക്കംകുറിക്കുന്നത്. മേയ് അഞ്ചിന് സുഹൈം ഹമദ് ബിൻ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കങ്ങൾ തകൃതിയാവുന്നു. ലോകതാരങ്ങൾ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും അവസാനവട്ട തയാറെടുപ്പിന്റെയും തിരക്കിലാണിപ്പോൾ.
പുതിയ സീസൺ അത്ലറ്റിക്സ് മത്സരങ്ങളുടെ തുടക്കംകൂടിയാണ് ദോഹ ഡയമണ്ട് ലീഡ്. പാരിസ് ഒളിമ്പിക്സിലേക്ക് ഒരുവർഷം മാത്രം ബാക്കിനിൽക്കെ ട്രാക്കിലും ഫീൽഡിലും പ്രകടനം തേച്ചുമിനുക്കി കുതിച്ചുപായാനുള്ള ലോകതാരങ്ങളുടെ തയാറെടുപ്പ്. ജൂലൈയിൽ ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്, തൊട്ടുപിന്നാലെ ആഗസ്റ്റിൽ ബുഡാപെസ്റ്റ് വേദിയാവുന്ന ലോക ചാമ്പ്യൻഷിപ്, ചൈനയിലെ ഗ്വാങ്ചുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവക്കായി ഒരുങ്ങുന്ന കായിക താരങ്ങൾക്ക് പ്രധാന പോരാട്ടങ്ങളുടെ തുടക്കം കൂടിയാണ് ദോഹ.
വിവിധ ഇനങ്ങളിൽ അന്താരാഷ്ട്രതലത്തിലെ പ്രമുഖ താരങ്ങളെല്ലാം ദോഹയിൽ മത്സരിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ സവിശേഷത. മേയിൽ തുടങ്ങി സെപ്റ്റംബറിൽ അമേരിക്കയിലെ യൂജീനിൽ നടക്കുന്ന ലീഗോടെയാണ് 14 മത്സരങ്ങൾ ഉൾപ്പെടുന്ന സീസൺ അവസാനിക്കുന്നത്. മേയ് അഞ്ചിന് ദോഹ കഴിഞ്ഞാൽ, മേയ് 28ന് മൊറോക്കോയിലെ റബാത വേദിയാവുന്ന ലീഗിൽ താരങ്ങൾ മാറ്റുരക്കും.
പുരുഷ വിഭാഗത്തിൽ 200, 400, 800, 3000, 400 ഹർഡ്ൽസ്, ഹൈജംപ്, ട്രിപ്ൾ ജംപ്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയും വനിതകൾക്കായി 100 മീ., 400 മീ., 1500 മീ., 100 ഹർഡ്ൽസ്, 3000 സ്റ്റീപ്ൾ ചേസ്, പോൾവാൾട്ട് എന്നിവയുമാണ് നടക്കുന്നത്.
മാറ്റുരക്കാൻ ആതിഥേയ താരങ്ങൾ
ഖത്തറിലെ ലോക, ഒളിമ്പിക്സ് ചാമ്പ്യൻ മുഅ്തസ് ബർഷിമാണ് ദോഹ ഡയമണ്ട് ലീഗിലെ സൂപ്പർ താരങ്ങളിലൊന്ന്. കഴിഞ്ഞ വർഷം നടന്ന ലീഗിൽ രണ്ടാംസ്ഥാനത്തായിരുന്നു ബർഷിം. എന്നാൽ, ഇത്തവണ ഒളിമ്പിക്സിനുള്ള തയാറെടുപ്പുകളുടെ തുടക്കം എന്ന നിലയിലാണ് താരം വീണ്ടും ഫീൽഡിൽ എത്തുന്നത്. 800 മീറ്ററിൽ മുസാഇബ് അബ്ദുൽറഹ്മാൻ ബല്ലാ, അബ്ദുൽറഹ്മാൻ സഈദ്, 3000 മീറ്ററിൽ മുസ്അബ് ആദം എന്നിവർ ഖത്തറിനുവേണ്ടി മത്സരിക്കും. ഖത്തർ അത്ലറ്റിക്സ് ഫെഡറേഷനാണ് ആതിഥേയ താരങ്ങളെ പ്രഖ്യാപിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.