കാണാം, കമനീയ ആഭരണശേഖരം...
text_fieldsദോഹ: ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്റെ (ഡി.ജെ.ഡബ്ല്യു.ഇ) 19ാം പതിപ്പ് ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ അക്ബർ അൽ ബേക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിന്റെ വാർഷിക സോഷ്യൽ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയതും ആകർഷകവുമായ ഇവന്റുകളിലൊന്നായ ഡി.ജെ.ഡബ്ല്യു.ഇ ആയിരക്കണക്കിന് സന്ദർശകർക്ക് ഇക്കുറി ചേതോഹരമായ ആഭരണങ്ങളുടെയും ആഡംബര വാച്ചുകളുടെയുമൊക്കെ പുതിയ കാഴ്ചകളൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് എക്സിബിഷൻ.
ഡി.ജെ.ഡബ്ല്യു.ഇയുടെ ഈ വർഷത്തെ പതിപ്പിന്റെ ഔദ്യോഗിക സ്പോൺസർ ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) ആണ്. ഖത്തർ എയർവേസാണ് ഔദ്യോഗിക എയർലൈൻ പങ്കാളി. ആവേശകരമായ പുതിയ പങ്കാളിത്തത്തിൽ, ഈ വർഷത്തെ എക്സിബിഷന് പ്രശസ്ത ഖത്തരി സംഗീതസംവിധായിക ദാന അൽ ഫർദാൻ ഒരുക്കിയ സംഗീതത്തിന്റെ അകമ്പടിയുണ്ടാകും.
ആഗോളതലത്തിൽ പ്രശംസനീയമായ 500ലധികം ആഭരണങ്ങളുടെയും വാച്ച് ബ്രാൻഡുകളുടെയും കമനീയ ശേഖരമാണ് ഡി.ജെ.ഡബ്ല്യു.ഇയിൽ സന്ദർശകർക്ക് മുന്നിലെത്തുന്നത്. അതിമനോഹര കരവിരുതിൽ വിരിയിച്ചെടുക്കുന്ന ആഭരണങ്ങൾ സന്ദർശകരെ വിസ്മയിപ്പിക്കുന്നവയാകും. ഇത്തരത്തിലുള്ള മേഖലയിലെ വലിയ ബിസിനസ്-ടു-കസ്റ്റമർ ഷോയായ ഡി.ജെ.ഡബ്ല്യു.ഇയിൽ ഖത്തറിലെയും ലോകത്തെയും പ്രമുഖ ജ്വല്ലറികളും പുതിയ ബ്രാൻഡുകളും ലിമിറ്റഡ് എഡിഷൻ കലക്ഷനുകളും തങ്ങളുടെ ബ്രാൻഡുകൾ അവതരിപ്പിക്കും. ഈ വർഷം ലോകമെമ്പാടുമുള്ള 30,000ലധികം സന്ദർശകർ ഡി.ജെ.ഡബ്ല്യു.ഇയിൽ ജ്വല്ലറി ബ്രാൻഡുകൾ കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അക്ബർ അൽ ബേക്കർ പറഞ്ഞു.
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്റെ 19ാമത് പതിപ്പിന്റെ ഔദ്യോഗിക സ്പോൺസർ എന്ന നിലയിൽ ക്യു.എൻ.ബി ഗ്രൂപ്പിന്റെ പങ്കാളിത്തം അഭിമാനകരമാണെന്ന് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽനീമ പറഞ്ഞു. ഖത്തറിലും മേഖലയിലും ആഡംബരവും ചാരുതയും സമന്വയിക്കുന്ന എക്സിബിഷൻ സ്പോൺസർ ചെയ്യുന്നത് ബാങ്ക് പുലർത്തിപ്പോരുന്ന വാർഷിക പാരമ്പര്യമാണ്. ഇത് ദേശീയ ഇവന്റുകളെ പിന്തുണക്കുന്നതിലും പ്രാദേശിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ നാഷനൽ വിഷൻ 2030 നടപ്പാക്കുന്നതിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നു. മേഖലയിലെ ജ്വല്ലറി, ലക്ഷ്വറി വാച്ച് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പരിപാടി എന്ന നിലയിൽ എക്സിബിഷൻ അതിന്റെ വിജയം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ നീമ പറഞ്ഞു.
അപൂർവവും വിശിഷ്ടവുമായ മുത്തുകളുടെ പ്രത്യേക നിര വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചു. അൽഫർദാൻ ജ്വല്ലറിയുടെ ഭാഗമായ ഹുസൈൻ അൽഫർദാൻ ഗാലറിയിൽനിന്നുള്ള പ്രകൃതിദത്ത മുത്തുകളുടെ വ്യക്തിഗത ശേഖരമാണ് പ്രദർശനത്തിലുണ്ടായിരുന്നത്. പാപ്പിലോൺ ജ്വല്ലറിയുടെ പുതിയ ഡിസൈനുകളും കോൺഫറൻസിൽ പ്രദർശിപ്പിച്ചു. ഇക്കുറി പ്രാദേശികതലത്തിലെ പ്രമുഖരായ ദമാസ് ജ്വല്ലറി എക്സിബിഷനിൽ അരങ്ങേറ്റത്തിനെത്തും. അവരുടെ ആകർഷകമായ അലിഫ് ശേഖരവും ഉയർന്ന നിലവാരമുള്ള അതുല്യമായ ആഭരണങ്ങളും പ്രദർശിപ്പിക്കും. പ്രമുഖരായ ലൂയിസ് വിറ്റൺ ഡി.ജെ.ഡബ്ല്യു.ഇയിൽ ആദ്യമായി അവരുടെ 2.56 കാരറ്റ് മോണോഗ്രാം ഫ്ലവർകട്ട് ഡയമണ്ടായ ‘ഫാന്റസി നെക്ലേസ്’പ്രദർശിപ്പിക്കും. സന്ദർശകർക്ക് രുചികരമായ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഖത്തർ ഡ്യൂട്ടി ഫ്രീയുടെ പ്രശസ്തമായ രണ്ട് കഫേകളായ ഹാരോഡ്സ് ടീ റൂമുകളും വെഞ്ചിയും എക്സിബിഷനിലുണ്ടാകും. കൂടാതെ, വാലന്റീനോയും ഖത്തറിന്റെ എജുക്കേഷൻ എബോവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷനും വാലന്റീനോ ആക്സസറികളുടെ പരിമിതമായ പതിപ്പുകളുമായെത്തും. ബോളിവുഡിൽനിന്ന് ഇക്കുറി പ്രമുഖർ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനെത്തുമെന്നും അൽബേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.