കോർണിഷ് നിറഞ്ഞൊഴുകി; പതിനായിരങ്ങൾ പങ്കെടുത്ത് മാരത്തൺ
text_fieldsദോഹ: അറേബ്യൻ ഉൾക്കടലിലേക്കിറങ്ങി നിൽക്കുന്ന ദോഹ കോർണിഷിലെ തീരത്ത് മനുഷ്യക്കടലായി മാറി ദോഹ ഉരീദു മാരത്തൺ. വെള്ളിയാഴ്ച രാവിലെ ദോഹയിലേക്ക് സൂര്യോദയമെത്തും മുമ്പേ തന്നെ ഓടാനെത്തിയ പതിനായിരങ്ങളാൽ കോർണിഷ് നിറഞ്ഞുകവിഞ്ഞു. കുട്ടികൾ മുതൽ 65 വയസ്സുവരെയുള്ളവർ വിവിധ ദൂരവിഭാഗങ്ങളിലായി ഓടാൻ ആരംഭിച്ചപ്പോൾ തലസ്ഥാന നഗരത്തിന് മാരത്തൺ ഉത്സവമായി. 15,000ത്തോളം പേരാണ് വിവിധ വിഭാഗങ്ങളിലായി ഓടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായും ഇത് അടയാളപ്പെടുത്തി. 42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ പുരുഷ വിഭാഗത്തിൽ മുൻ ലോകചാമ്പ്യൻഷിപ്പിലെയും കോമൺവെൽത്ത് ഗെയിംസിലെയും മെഡൽ ജേതാവായ യുഗാണ്ടയുടെ സോളമൻ മുതായ് ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടു മണിക്കൂർ 12:48 മിനിറ്റിലായിരുന്നു ഇദ്ദേഹം ഒന്നാമതായി ഓടിയെത്തിയത്. എറിത്രിയയുടെ അവെറ്റ് ഹാബ്തെ (02:13:00), ഇത്യോപ്യയുടെ മെസ്ഫിൻ നെഗുസ് (02:13:12) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു. വനിതകളിൽ കെനിയയുടെ ദീർഘദൂര ഓട്ടക്കാരി വലാരി ജമേലി അയാബിയായിരുന്നു (02:23:38) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കെനിയയുടെ തന്നെ ജുവാൻ കിപ്യാറ്റിച് (02:23:45) രണ്ടും ഇത്യോപ്യയുടെ റെഡിയറ്റ് ഡാനിയേൽ മോല (02:26:25) മൂന്നും സ്ഥാനക്കാരായി.
21 കിലോമീറ്റർ ദൂരമുള്ള ഹാഫ് മാരത്തണിൽ ഖത്തറിന്റെ ഉസാമ സദർ ഒന്നാമതെത്തി. ഒരു മണിക്കൂർ ഒമ്പത് മിനിറ്റിലായിരുന്നു ഫിനിഷിങ്. മൊണാകോയിൽ നിന്നുള്ള സാലിഹ് എചിബാനി രണ്ടാമതായി. വനിതകളിൽ കെനിയയുടെ മേരി നെവിറ എൻഗാംഗയാണ് ഒന്നാമത്. 10 കി.മീ, 5 കി.മീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. മലയാളികൾ ഉൾപ്പെടെ 15,000 പേരാണ് വിവിധ ദൂര വിഭാഗങ്ങളിൽ മാറ്റുരച്ചത്.
ഫുൾ മാരത്തൺ ഫിനിഷ് ചെയ്ത് 14കാരി
ദോഹ: 42 കി.മീ ദൂരമുള്ള ഫുൾ മാരത്തൺ ഓടിത്തീർത്ത് കൗമാരക്കാരി. ആയിരങ്ങൾ പങ്കുചേർന്ന ഫുൾ മാരത്തൺ ഫിനിഷ് ചെയ്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടക്കാരിയായിരുന്നു ബ്രിട്ടീഷ് ഈജിപ്ഷ്യനായ 14കാരി യൂസുഫ് ബിഷർ. ദോഹ കോർണിഷിനെ നാലുതവണ വലയം ചെയ്തുള്ള ഓട്ടം ആറ് മണിക്കൂറിനുള്ളിലാണ് യൂസുഫ് ബിഷർ പൂർത്തിയാക്കിയത്. ഈ വിജയം ഫലസ്തീനിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നതായി മത്സര ശേഷം അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.