കാണികൾക്ക് കൂട്ടായി ദോഹ മെട്രോ
text_fieldsദോഹ: ഒരു മാസം നീണ്ടുനിന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ മേളയുടെ ആരാധക യാത്രയുടെ പ്രധാന ആശ്രയമായി മാറി ദോഹ മെട്രോ സർവിസുകൾ. ലോകകപ്പ് ഫുട്ബാളിനു സമാനമായി ഒമ്പത് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രയിലും ആരാധകർ ഒഴുകിയത് ദോഹ മെട്രോ വഴിയായിരുന്നു. ജനുവരി 12ന് കിക്കോഫ് കുറിച്ച് ഫെബ്രുവരി 10വരെ നീണ്ടുനിന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്റിനിടെ ദോഹ മെട്രോ, ലുസൈൽ ട്രാം വഴി 64 ലക്ഷം പേർ യാത്രചെയ്തതായി ഖത്തർ റെയിൽ അറിയിച്ചു.
62.2 ദശലക്ഷം പേരാണ് മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയത്. 2.36 ലക്ഷം യാത്രക്കാർ ലുസൈൽ ട്രാമിനെ ആശ്രയിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാളിന് കൊടിയിറങ്ങിയതിനു പിന്നാലെയാണ് അധികൃതർ യാത്രക്കാരുടെ കണക്കുകൾ വെളിപ്പെടുത്തിയത്. അഞ്ച് സ്റ്റേഡിയങ്ങളുമായി നേരിട്ടും നാല് സ്റ്റേഡിയങ്ങളുമായി മെട്രാ ഷട്ടിൽ ബസ് സർവിസ് സൗകര്യമേർപ്പെടുത്തിയുമാണ് കാണികളുടെ യാത്ര ഒരുക്കിയത്. 37 സ്റ്റേഷനുകൾ പ്രവർത്തനക്ഷമമായപ്പോൾ 110 ട്രെയിനുകൾ പ്രതിദിനം സർവിസ് നടത്തി. ടൂർണമെന്റ് കാലയളവിൽ ആകെ 83358 സർവിസുകളാണ് മെട്രോ നടത്തിയത്. ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സര ദിവസമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.
സ്റ്റേഡിയത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്തത് 2.95 ലക്ഷം പേർ. ഏറ്റവും തിരക്കേറിയ സ്റ്റേഷനുകൾ സൂഖ് വാഖിഫ്, ഡി.ഇ.സി.സി, മുശൈരിബ് എന്നിവയായിരുന്നു. ഫൈനലിൽ പങ്കെടുത്ത യാത്രക്കാരിൽ 53 ശതമാനം ആരാധകരും ദോഹ മെട്രോയെ ആണ് ആശ്രയിച്ചത്. മത്സരവേദികളിലെത്തുന്ന യാത്രക്കാർ, തുടർന്ന് ആഘോഷ വേദികളിലേക്കും മറ്റുമായും മെട്രോയെ ഉപയോഗിച്ചു. ഇത് റോഡിലെ തിരക്ക് കുറക്കാനും വഴിയൊരുക്കി.ഏഷ്യൻ കപ്പിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്. മാച്ച് ടിക്കറ്റുള്ള കാണികൾക്ക് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന സൗജന്യ പാസും സ്റ്റേഡിയവുമായി അടുത്തുള്ള മെട്രോകളിൽ കാണികൾക്ക് മാർഗനിർദേശം നൽകാൻ വളന്റിയർമാരുടെ സേവനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.