ഈദ് നാളിൽ ദശലക്ഷം കടന്ന് ദോഹ മെട്രോ
text_fieldsദോഹ: പ്രവാസികളും സ്വദേശികളും ആഘോഷമാക്കിമാറ്റിയ പെരുന്നാൾ അവധിക്കാലത്ത് ദോഹ മെട്രോ വഴി യാത്രചെയ്തത് പത്തു ലക്ഷത്തിലേറെ പേർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾക്കും മറ്റും ആസ്വദിക്കാൻ ആഘോഷ പരിപാടികൾ ഒരുക്കിയപ്പോൾ ഇവിടങ്ങളിലേക്ക് ദോഹ മെട്രോ സർവിസ് തന്നെ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി.
രണ്ടാം പെരുന്നാൾ ദിനമായ ഏപ്രിൽ 22നാണ് ഏറ്റവും കൂടുതൽ പേർ മെട്രോയെ യാത്രാമാർഗമായി ഉപയോഗിച്ചത്. പിന്നീടുള്ള ദിനങ്ങളിലും ഈ ഒഴുക്ക് തുടർന്നു.
ലോകകപ്പ് ഫുട്ബാള്‍ കാലത്തെന്നപോലെ പെരുന്നാള്‍ സമയത്തും പൊതുജനങ്ങൾ യാത്രക്കായി മെട്രോയെയാണ് ഉപയോഗപ്പെടുത്തിയതെന്ന് ഖത്തർ റെയിലിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി 1,728,394 പേരാണ് പെരുന്നാളവധിക്കാലത്ത് മാത്രം യാത്ര ചെയ്തത്. പെരുന്നാളിന്റെ തൊട്ടടുത്ത ദിവസം 2.39 ലക്ഷം പേർ യാത്ര ചെയ്തു. അതേ ദിവസം ലുസൈൽ ട്രാമിൽ 52,663 പേർ യാത്ര ചെയ്തു.
ദോഹ കോര്‍ണിഷ്, ലുസൈല്‍ ബൊലേവാദ്, കതാറ തുടങ്ങി പെരുന്നാള്‍ ആഘോഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാണ് മെട്രോയെ കൂടുതലാളുകളും ഉപയോഗിച്ചത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ സ്റ്റേഡിയങ്ങൾക്കും ഫിഫ ഫാൻസോണിനും മറ്റ് ഫാൻസോണുകളിലേക്കുമുള്ള യാത്രക്കായി കാണികളെല്ലാം ഉപയോഗിച്ച ദോഹ മെട്രോയുടെ സേവനം ഖത്തറിലെ താമസക്കാരും സന്ദർശകരും ജീവിത ഭാഗമായി മാറ്റിയെന്നാണ് പിന്നീടുള്ള നാളുകളിൽ അനുഭവപ്പെടുന്ന തിരക്ക് നൽകുന്ന സൂചന.
തിരക്കുള്ള ദിനങ്ങളിൽ മെട്രോയെ യാത്രാ മാർഗമായി തിരഞ്ഞെടുത്തവർക്ക് ഖത്തർ റെയിൽ നന്ദി അറിയിച്ചു. പെരുന്നാൾദിനം മുതൽ ഒരാഴ്ചയിലേറെ നീണ്ടുനിന്ന അവധിദിനങ്ങളിൽ മെട്രോയിലെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാനും മെട്രോ ജീവനക്കാർ സജീവമായി ഉണ്ടായിരുന്നു. ഏപ്രിൽ 24 മുതൽ പ്രവൃത്തി ദിനങ്ങളിൽ മെട്രോ, ലുസൈൽ ട്രാം സർവിസ് രാവിലെ 5.30 മുതലാണ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.