തിരക്കൊഴിഞ്ഞ് ദോഹ മെട്രോ; ഇനി പുതിയ സമയം
text_fieldsദോഹ: ഉത്സവകാലമായി മാറിയ ലോകകപ്പ് സമാപിച്ചതിനു പിന്നാലെ, ദശലക്ഷം സഞ്ചാരികളുടെ ആശ്രയമായിരുന്ന ദോഹ മെട്രോ വീണ്ടും സാധാരണ നിലയിലേക്ക്. ലോകകപ്പിന്റെ ഭാഗമായി 21 മണിക്കൂർ സർവിസിൽനിന്ന് ചൊവ്വാഴ്ചയോടെ പുതിയ സമയക്രമത്തിലേക്ക് മാറി.
ഞായർ മുതൽ ബുധൻ വരെ പുലർച്ച 5.30 മുതൽ 11.59 വരെയും വ്യാഴാഴ്ച 5.30 മുതൽ പുലർച്ച ഒരു മണിവരെയും വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ പുലർച്ച ഒരു മണിവരെയും ഞായറാഴ്ചകളിൽ രാവിലെ ആറു മുതൽ അർധരാത്രി 11.59 വരെയുമാവും സർവിസ്.
ഡിസംബർ 23 മുതൽ ഗോൾഡ്, ഫാമിലി ക്ലാസുകൾ പുനഃസ്ഥാപിക്കും. പരമാവധി യാത്രക്കാരെ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി നവംബർ 11 മുതൽ എല്ലാ ക്ലാസുകളും സ്റ്റാൻഡേഡ് ആയി മാറ്റിയിരുന്നു. ഇതോടെ, എല്ലാവിഭാഗം യാത്രക്കാർക്കും എല്ലാ ക്ലാസുകളിലും യാത്ര ചെയ്യാമെന്ന നിലയിലാണ് ലോകകപ്പ് വേളയിൽ മെേട്രാ ഓടിയത്. 23 മുതൽ അതത് ട്രാവൽ കാർഡ് അനുസരിച്ച് യാത്രക്കാർ മെട്രോ ഉപയോഗിക്കണമെന്ന് ദോഹ മെട്രോ നിർദേശിച്ചു.
ഹയ്യാ കാർഡുള്ളവർക്കുള്ള സൗജന്യ യാത്ര ഡിസംബർ 23 വരെ തുടരാം. നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സൗജന്യ യാത്രാസംവിധാനം ഉപയോഗിച്ചായിരുന്നു ദശലക്ഷം യാത്രക്കാർ ലോകകപ്പ് വേളയിൽ വിവിധ വേദികളിൽ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.