അറുപതാണ്ടിന്റെ തിളക്കത്തിൽ ദോഹ മുനിസിപ്പാലിറ്റി
text_fieldsദോഹ: 60ന്റെ നിറവിലെത്തി ദോഹ മുനിസിപ്പാലിറ്റി. ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ അംഗീകാരങ്ങളുടെയും സ്വീകാര്യതയുടെയും തിളക്കത്തിലേറിയ ദോഹ നഗരസഭ, ഫിഫ ലോകകപ്പിന് രാജ്യം വേദിയൊരുക്കിയതോടെ രാജ്യാന്തര തലത്തിൽതന്നെ ഏറെ ശ്രദ്ധ നേടി. ഇതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റി 60ാം വാർഷികം ആഘോഷിച്ചത്. 1963 ജനുവരി ഒന്നിനാണ് ‘ഖത്തർ നഗരസഭ’ എന്ന പേരിൽ ദോഹ മുനിസിപ്പാലിറ്റി രൂപവത്കൃതമായത്.
നഗരവികസനത്തിന്റെ പുരോഗതിയും മുനിസിപ്പൽ സേവനത്തിന്റെ വൈവിധ്യവത്കരണവും ഉറപ്പുവരുത്തുന്നതിനായി ദോഹ മുനിസിപ്പാലിറ്റിക്കും ജീവനക്കാർക്കും പ്രചോദനത്തിനുള്ള അവസരമാണിതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബേ പറഞ്ഞു. ഇതിനായി സർക്കാർ, സർക്കാറിതര മേഖലകളുടെ സംയുക്ത ശ്രമങ്ങൾ വർധിപ്പിക്കണം.
യുനെസ്കോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ്ലോങ് ലേണിങ്ങിൽനിന്ന് ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ ദോഹ നഗരം അംഗത്വം നേടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗരം എന്ന ബഹുമതിയും ദോഹ സ്വന്തമാക്കി. ദോഹക്ക് പുറമെ, ഖത്തറിലെ മറ്റ് ഏഴു നഗരങ്ങൾക്കു കൂടി ആരോഗ്യനഗരം ബഹുമതി ലഭിച്ചിട്ടുണ്ട്. എല്ലാ നഗരങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ ഈ അംഗീകാരം ലഭിക്കുന്ന മിഡിലീസ്റ്റിലെ ആദ്യ രാജ്യമാണ് ഖത്തർ.
രാജ്യ തലസ്ഥാനം കൂടിയായ ദോഹ നഗരം കഴിഞ്ഞ കുറേ വർഷങ്ങളിലായി നിരവധി പ്രാദേശിക, മേഖലാ, രാജ്യാന്തര പരിപാടികൾക്ക് വേദിയൊരുക്കിയിട്ടുണ്ട്. അറബ് ടൗൺസ് ഓർഗനൈസേഷന്റെ കീഴിലുള്ള അറബ് സിറ്റീസ് അവാർഡ് 1983ൽ സ്ഥാപിതമായതു മുതൽ അതിന്റെ ആസ്ഥാനം ദോഹയിലാണ്. പുരാതന ചരിത്രവും പൈതൃകവും കണക്കിലെടുത്താണ് ദോഹയെ ഇസ്ലാമിക് വേൾഡിന്റെ സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദോഹ മുനിസിപ്പാലിറ്റി സ്ഥാപിതമായതുമുതൽ, നഗരത്തിന്റെ സമൃദ്ധിക്കും വികസനത്തിനുമായി മഹത്തായ സംഭാവന നൽകുകയും കൈയൊപ്പുചാർത്തുകയും ചെയ്ത ഡയറക്ടർമാർക്കും ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി പറഞ്ഞു.
60ാം വാർഷികത്തോടനുബന്ധിച്ച് മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പൽ വർക്ക് സിസ്റ്റം, മോണിറ്ററിങ്, ഇൻസ്പെക്ഷൻ സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന് ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അജ്റാൻ അൽ ബുഐനെയ്ൻ പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയും ക്രിയാത്മക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കമ്യൂണിറ്റി പങ്കാളിത്തം വികസിപ്പിക്കുകയും ലക്ഷ്യമാണ്. ദോഹ മുനിസിപ്പാലിറ്റിയുടെ പൊതുശുചിത്വ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കും. എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്നതിന് മുനിസിപ്പാലിറ്റി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.