റെഡി ടു എക്സ്പോ: ദോഹ; എക്സ്പോയിലേക്ക് നാളുകൾ മാത്രം
text_fieldsദോഹ: കഴിഞ്ഞ വർഷം ഇതേ സമയങ്ങളിൽ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയായിരുന്നു ഖത്തർ. ദോഹ കോർണിഷും ലുസൈൽ ബൊളെവാഡും സൂഖ് വാഖിഫും മെട്രോ സ്റ്റേഷനുകളുമെല്ലാം ലോകകപ്പിന്റെ അലങ്കാരങ്ങളിൽ തിളങ്ങിനിൽക്കുന്ന കാലം. ഇന്നിപ്പോൾ, ഫുട്ബാൾ കൊടിയിറങ്ങി ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ ദോഹ നഗരം മറ്റൊരു മഹാമേളയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കോർണിഷും അൽ ബിദ പാർക്കിന്റെ പരിസരങ്ങളും ദോഹ മെട്രോ സ്റ്റേഷനുകളും ലുസൈൽ ബൊളെവാഡുമെല്ലാം എക്സ്പോയുടെ വർണത്തിൽ മുങ്ങിയിരിക്കുന്നു. ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയെ വരവേൽക്കാൻ ആതിഥേയ നഗരം സജ്ജമായിക്കഴിഞ്ഞു. നഗരത്തിലെ തെരുവോരങ്ങളിലെല്ലാം എക്സ്പോ വരവറിയിച്ച് കൊടി തോരണങ്ങൾ. പച്ചയും നീലയും ചുവപ്പും മഞ്ഞയും ഉൾപ്പെടെ പലനിറങ്ങളിൽ എക്സ്പോയുടെ ലോഗോയെ പകർത്തിവെച്ച തയാറെടുപ്പുകൾ...
ലോകകപ്പ് കഴിഞ്ഞ മണ്ണിൽ, മറ്റൊരു ഉത്സവകാലത്തിന്റെ വിളംബരങ്ങൾ. ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28ന് അവസാനിക്കുന്ന ദോഹ എക്സ്പോ കാത്തുവെച്ച അത്ഭുതകാഴ്ചകൾ അറിയാനുള്ള ആകാംക്ഷയിലാണ് സ്വദേശികളും താമസക്കാരുമെല്ലാം. ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ ഉൾപ്പെടെ 30 ലക്ഷം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽ ബിദ പാർക്കിലെ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദർശന നഗരിയെ വിവിധ പവിലിയനുകളും മേഖലകളുമാക്കി തിരിച്ചാണ് എക്സ്പോ ഒരുക്കുന്നത്. പാർക്കിനെ, പൂന്തോട്ടങ്ങളും ഹരിത നഗരിയുമാക്കി ഒരുക്കങ്ങളെല്ലാം ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. ദോഹ കോർണിഷിൽനിന്നും വെസ്റ്റ് ബേയിൽ നിന്നുമെല്ലാം എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും വിധമാണ് എക്സ്പോയിലേക്കുള്ള കവാടങ്ങൾ ഒരുക്കിയത്.
എക്സ്പോയിലെ മുഴുവൻ വിവരങ്ങളും, പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാർഷിക- പാരിസ്ഥിതിക മേഖലകളിലെ മികവുമെല്ലാം അടയാളപ്പെടുത്തുന്ന ‘എക്സ്പോ’ പുസ്തകം വെള്ളിയാഴ്ച പുറത്തിറങ്ങും. ഖത്തറിന്റെ പൈതൃക നഗരിയായ അൽ സുബാറ കോട്ടയുടെ മാതൃകകളെ പകർത്തി നിർമിച്ച പവിലിയനലുകളും എക്സ്പോ വേദിയിലെ ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.