കാതോലിക്കാ ബാവയെ വരവേൽക്കാനൊരുങ്ങി ദോഹ
text_fieldsദോഹ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ വിശ്വാസി സമൂഹം. കഴിഞ്ഞ ഒക്ടോബറിൽ സ്ഥാനമേറ്റശേഷം, കാതോലിക്കാ ബാവയുടെ ആദ്യ ഖത്തർ സന്ദർശനത്തിനാണ് ജൂലൈ അഞ്ചിന് തുടക്കമാവുന്നത്. എട്ടാം തീയതിവരെ നാലു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദോഹ മലങ്കര ഇടവക വികാരി ഫാ. തോമസ് ഫിലിപ്പോസും മാനേജിങ് കമ്മിറ്റി അംഗങ്ങളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം തീയതി രാവിലെ ദോഹ ഹമദ് വിമാനത്താവളത്തിൽ കാതോലിക്കാ ബാവക്ക് ഊഷ്മള വരവേൽപ് നൽകും. ആറിന് വൈകുന്നേരം 6.30ന് ഇടവക വിശ്വാസികളുടെ നേതൃത്വത്തിൽ വിശുദ്ധ കാതോലിക്കാ ബാവയെ ഐ.ഡി.സി.സി കോംപ്ലക്സിലെ മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ആഘോഷമായി സ്വീകരിച്ച് ആനയിക്കും. തുടർന്ന് ദോഹയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രതിനിധികൾ, വിവിധ സാമുദായിക സഭാ മേലധ്യക്ഷന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ കാതോലിക്കാ ബാവക്ക് അനുമോദനമൊരുക്കും.
ഇന്ത്യൻ അംബാസഡർ, അപെക്സ് ബോഡി ഭാരവാഹികൾ എന്നിവരും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് വിശുദ്ധ കുർബാനയും കാതോലിക്കാ ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന 13ാം ഇടവകദിനാഘോഷവും പൊതുസമ്മേളനവും നടക്കും. സന്ദർശന പരിപാടി പൂർത്തിയാക്കിയശേഷം എട്ടാം തീയതി വൈകുന്നേരം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സഹവികാരി ഫാ. ഗീവർഗീസ് എബ്രഹാം, ജനറൽ കൺവീനർ സുനിൽ കോശി മാത്യു, ഇടവക ട്രസ്റ്റി ഷൈജു ജോർജ്, സെക്രട്ടറി സജിമോൻ ഒ.എം, പബ്ലിസിറ്റി കൺവീനർ ജിജി ജോൺ, ഐ.ഡി.സി.സി കോഓഡിനേറ്റർ ജോൺ കുര്യാക്കോസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.