എക്സ്പോക്ക് ഒരുങ്ങി ദോഹ; ഇനി മൂന്നു മാസം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് ശേഷം, ഖത്തറും ഗൾഫ് മേഖലയും കാത്തിരിക്കുന്ന ദോഹ എക്സ്പോ 2023ന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ആതിഥേയത്വത്തിന് സജ്ജമായിക്കഴിഞ്ഞതായി പ്രദർശനങ്ങളുടെ മേൽനോട്ട, നിയന്ത്രണ ചുമതലയുള്ള ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ) അറിയിച്ചു. ഒക്ടോബർ രണ്ടിന് ആരംഭിച്ച്, 2024 മാർച്ച് 28വരെ നീണ്ടു നിൽക്കുന്ന ആറുമാസത്തെ എക്സ്പോയുടെ സംഘാടനത്തിന് ഖത്തർ പൂർണമായും സജ്ജമായതായി ബി.ഐ.ഇ അധികൃതർ വ്യക്തമാക്കി.
ബി.ഐ.ഇയിൽ നിന്നുള്ള ഉന്നതതലസംഘം ദോഹ എക്സ്പോ ഹൗസും അൽബിദ്ദ പാർക്കും സന്ദർശിക്കുകയും ആറുമാസത്തേക്കുള്ള എക്സ്പോ തയാറെടുപ്പുകളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. കൃത്യമായ സമയക്രമം പാലിച്ചുതന്നെയാണ് എക്സ്പോ തയാറെടുപ്പുകൾ പുരോഗമിക്കുന്നത്.
പങ്കെടുക്കുന്ന രാജ്യങ്ങൾ അവരുടെ പവിലിയനുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനകം ആരംഭിച്ച മൂന്നു പവിലിയനുകളുടെ നിർമാണം തൃപ്തികരമാണ് -ബി.ഐ.ഇ സെക്രട്ടറി ജനറൽ ദിമിത്രി കെർകന്റ്സെസ് പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ എക്സ്പോയുടെ ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
80 രാജ്യങ്ങളായിരിക്കും എക്സ്പോയിൽ പങ്കെടുക്കുകയെന്നും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തേക്കാൾ പ്രദർശനത്തിന്റെയും പവിലിയനുകളുടെയും ഗുണമേന്മയാണ് വിലമതിക്കുകയെന്നും കെർകന്റ്സെസ് കൂട്ടിച്ചേർത്തു. 40 രാജ്യങ്ങൾ മാത്രമാണെങ്കിലും എനിക്ക് സന്തോഷം തന്നെയായിരിക്കും. കാരണം, ഉള്ളടക്കമാണ് പ്രദർശനത്തിന് വേണ്ടത്. ദോഹയും ലോകവും ശക്തമായ ഉള്ളടക്കത്തെയാണ് അർഹിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ആകാംക്ഷയോടെ കാത്തിരിക്കുന്ന ദോഹ എക്സ്പോ കേവലം പൂന്തോട്ടങ്ങളിലും ആകർഷകമായ പവിലിയനുകളിലും ഒതുങ്ങുന്നതല്ലെന്നും സെമിനാറുകൾ ഫോറങ്ങൾ ചർച്ചകൾ, സമഗ്രമായ പ്രമേയങ്ങളിലൂന്നിയ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്നതാണെന്നും ബി.ഐ.ഇ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും ലോകമെമ്പാടുമുള്ള വിവിധ ഏജൻസികളും സംഘടനകളും ഉൾപ്പെടുന്ന ശക്തമായ പ്രമേയങ്ങളിലൂന്നിയ പരിപാടികൾ വികസിപ്പിക്കുന്നതിൽ സർക്കാറും സംഘാടകരും ഉത്സാഹിക്കുന്നത് അതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.