ദോഹ; സഞ്ചാരികളുടെ സുരക്ഷിത നഗരം
text_fieldsദോഹ: ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയിനിങ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’ നടത്തിയ സർവേ റിപ്പോർട്ട് പ്രകാരം ലോകത്ത് സഞ്ചാരികൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ദോഹക്ക് 10ാം സ്ഥാനമാണുള്ളത്. ഏഷ്യയിൽനിന്ന് ദോഹ ഉൾപ്പെടെ അഞ്ചു നഗരങ്ങൾ മാത്രം.
ജപ്പാനിൽനിന്നുള്ള ക്യോട്ടോ, ടോക്യോ, തായ്പെയ്, സിംഗപ്പൂർ എന്നിവയാണ് മറ്റ് ഏഷ്യൻ നഗരങ്ങൾ. നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്തായിരുന്നു സർവേ പൂർത്തിയാക്കിയത്. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ വിശ്വസനീയത, മോഷണം പിടിച്ചുപറി എന്നിവയെക്കുറിച്ചുള്ള ആശങ്ക എന്നിവയെല്ലാമായിരുന്നു സർവേയിലെ ചോദ്യങ്ങൾ. ലോകത്തെ പ്രശസ്തമായ 100 വിനോദസഞ്ചാര നഗരങ്ങളിലായിരുന്നു സർവേ നടത്തിയത്.
െസ്ലാവീനിയൻ തലസ്ഥാനമായ ലുബ്ലിയാനയാണ് ലോകത്തെ ഏറ്റവും സുരക്ഷിതത്വമുള്ള നഗരമായി അടയാളപ്പെടുത്തുന്നത്. ഗ്ലോബൽ ഹോളിഡേ സേഫ്റ്റി സ്കോർ പ്രകാരം 7.56 പോയന്റ് െസ്ലാവീനിയൻ നഗരം സ്വന്തമാക്കുന്നു. ഒരു ലക്ഷം ജനങ്ങളിൽ 0.42 ശതമാനം മാത്രമാണ് കൊലപാതക നിരക്ക്. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 8.94 ശതമാനം പേർ മാത്രമാണ് പിടിച്ചുപറി, കൊള്ളയടി ആശങ്ക അറിയിച്ചത്. 82.37 ശതമാനം പേരും രാത്രി കാലങ്ങളിലും സുരക്ഷിതമായി നടക്കാം എന്നു പറയുന്നു. പൊലീസിലെ വിശ്വാസ്യതയിൽ 7.92 ആണ് ലുബ്ലിയാനയുടെ സ്കോർ.
ഐസ്ലൻഡിലെ റെയ്കാവിക്, സ്വിറ്റ്സർലൻഡിലെ ബേൺ, നോർവേയിലെ ബെർഗൻ, ജപ്പാനിലെ ക്യോട്ടോ, തായ്വാനിലെ തായ്പെയ് എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം നേടിയത്. സിംഗപ്പൂർ, കോപൻഹേഗൻ (ഡെന്മാർക്), സാൽസ്ബർഗ് (ഓസ്ട്രിയ), ടോക്യോ (ജപ്പാൻ) എന്നിവയാണ് ആറു മുതൽ ഒമ്പതു വരെ സ്ഥാനങ്ങളിൽ. ലോഗോസ് (നൈജീരിയ), ലിമ (പെറു), മെക്സികോ സിറ്റി (മെക്സികോ), ന്യൂഡൽഹി (ഇന്ത്യ), മനില (ഫിലിപ്പീൻസ്) എന്നീ നഗരങ്ങളാണ് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ ടൂറിസ്റ്റ് നഗരങ്ങളായി പട്ടികയിലുള്ളത്.
സഞ്ചാരികളുടെ ഇഷ്ട നഗരം
കഴിഞ്ഞവർഷം ‘ഹോളിഡു’ സർവേയിലും ദോഹയെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തിരുന്നു. ഏകാംഗ വനിതാ യാത്രികൾ തിരഞ്ഞെടുക്കുന്ന നഗരമായും ദോഹയെ പരിഗണിച്ചു. ബ്രിട്ടൻ ആസ്ഥാനമായ ഏജൻസിയുടെ 50 സ്ത്രീ സുരക്ഷിത നഗരങ്ങളിൽ മേഖലയിൽനിന്ന് ഇടംപിടിച്ച ഏക നഗരവും ദോഹയായിരുന്നു. വിനോദസഞ്ചാരസൗഹൃദ നഗരം എന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ അന്താരാഷ്ട്ര ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സർവേ റിപ്പോർട്ടുകളിൽ മുൻനിരയിലാണ് ഖത്തറിന്റെ സ്ഥാനം. ലോകകപ്പിനു പിന്നാലെ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഖത്തറിലേക്കുള്ള റെക്കോഡ് സന്ദർശകരുടെ വരവും ഇതാണ് സൂചിപ്പിക്കുന്നത്.
സേഫ്റ്റി റെക്കോഡ്, പൊതുഗതാഗത സംവിധാനം, ആകർഷകമായ കടൽതീരങ്ങൾ, സാംസ്കാരിക പാരമ്പര്യം പ്രകടിപ്പിക്കുന്ന വിവിധ നിർമിതികൾ, ലോകോത്തര സ്പോർട്സ് മേളകൾ, പ്രീമിയം ഷോപ്പിങ് എക്സ്പീരിയൻസ് എന്നിവയുമായി ലോകത്തിലെതന്നെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖത്തർ മാറുന്നു. ഖത്തർ ടൂറിസം കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനുവരി, ഫെബ്രുവരി മാസത്തിൽ 7.30 ലക്ഷം പേരാണ് ഖത്തറിൽ സന്ദർശകരായി എത്തിയത്. മുൻ വർഷത്തേക്കാൾ 347 ശതമാനം വർധനയാണിതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.