സ്ത്രീകൾക്ക് സുരക്ഷിതമായ ദോഹ
text_fieldsദോഹ: രാജ്യാന്തരതലത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരിക്ക് മറ്റൊരു പൊൻതൂവലായി സ്ത്രീസുരക്ഷിത നഗരമെന്ന പദവിയും. ബ്രിട്ടൻ ആസ്ഥാനമായ 'ഹോളിഡു' വെബ്സൈറ്റിന്റെ സ്ത്രീസുരക്ഷിത യാത്രാ ഇൻഡക്സിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളുടെ പട്ടികയിൽ 15ാമതായാണ് ദോഹയും ഇടം പിടിച്ചത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സെർച്ച് എൻജിനാണ് 'ഹോളിഡു' വെബ്സൈറ്റ്. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീ യാത്രികർക്ക് ഏറ്റവും സുരക്ഷിതമായ ലോകനഗരങ്ങളിൽ ഒന്നായാണ് വെബ്സൈറ്റ് ഇൻഡക്സിൽ ദോഹയെയും ഉൾപ്പെടുത്തിയത്. കോവിഡാനന്തര കാലത്തെ സോളോ ഫീമെയിൽ ട്രാവൽ ഇൻഡക്സ് പ്രകാരമാണ് സുരക്ഷിത നഗരങ്ങളുടെ ഇൻഡക്സ് തയാറാക്കിയത്. തെരുവുകളിലെ സുരക്ഷ, കുറ്റകൃത്യങ്ങളുടെ തോത്, സംസ്കാരം, യാത്രാചെലവുകൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 50 നഗരങ്ങളുടെ പട്ടികയിൽ മേഖലയിൽനിന്നും ഇടംപിടിച്ച ഏക നഗരവും ദോഹ മാത്രമാണ്. സൂചികയിൽ, ഒറ്റക്കു യാത്രചെയ്യുമ്പോൾ രാത്രിയിൽ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ നഗരമായും രാത്രിയിൽ ഏറ്റവും കൂടുതൽ പ്രകാശമുള്ള മൂന്നാമത്തെ നഗരമായും സ്ത്രീകൾ ദോഹയെ കാണുന്നു. രാത്രി സഞ്ചാരത്തിനും താമസ ഇടങ്ങളിലേക്കുള്ള സുരക്ഷിതമായ യാത്രക്കുമെല്ലാം ദോഹ ഏറെ സുരക്ഷിത ഇടമായാണ് സ്ത്രീകൾ പരിഗണിക്കുന്നതെന്ന് പട്ടികയിൽ വ്യക്തമാക്കുന്നു.
രാത്രികാലങ്ങളിൽ വെളിച്ചം വിതറി പ്രകാശിക്കുന്ന നഗരം എന്നതാണ് മറ്റൊരു പ്രത്യേകത. തെരുവുവിളക്കുകളും, അലങ്കാര വിളക്കുകളുമായി രാത്രി മുഴുവൻ നഗരം പ്രകാശിതമാവുമ്പോൾ എവിടെയും എപ്പോഴും സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നതായും വിലയിരുത്തുന്നു. കാനഡയിലെ മോട്രിയോൾ, ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ, സ്ലൊവീനിയൻ തലസ്ഥാനമായ യുബ്ലാന എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനത്തുള്ളത്. രാത്രികാല ജീവിതങ്ങളിൽ പേരു കേട്ടവയാണ് ഇവ. അതേസമയം, ടൊറന്റോ, സിംഗപ്പൂർ, ടോക്യോ എന്നീ നഗരങ്ങളേക്കാൾ മുന്നിലാണ് ദോഹയുടെ സ്ഥാനം. കോവിഡിനെ എങ്ങനെ അതിജയിച്ചു എന്നതും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലെ കുറ്റകൃത്യങ്ങളുടെ തോതും റാങ്കിങ്ങിൽ ഘടകമായി പരിഗണിച്ചിട്ടുണ്ട്. തനിച്ചു യാത്രചെയ്യുന്ന സ്ത്രീകളിൽ 49 ശതമാനം പേരും കോവിഡ് സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്നതായി 'ഹോളിഡു' വിശദീകരിക്കുന്നു. യാത്ര ആസൂത്രണം ചെയ്യുമ്പോൾ കോവിഡ് നിയന്ത്രണങ്ങളും രോഗവ്യാപന തോതുമെല്ലാം പരിഗണിച്ചാണ് സ്ഥലങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ 10 വർഷത്തിനിടെയാണ് സോളോ യാത്രികരുടെ പട്ടികയിൽ സ്ത്രീകളും സജീവമായതെന്ന് 'ഹോളിഡു' പറയുന്നു. തനിച്ച് യാത്ര ചെയ്ത്, ലോകരാജ്യങ്ങളുടെ സൗന്ദര്യവും സംസ്കാരവും വിനോദ കേന്ദ്രങ്ങളുമെല്ലാം ആസ്വദിക്കുകയാണ് യാത്രികരുടെ ലക്ഷ്യം. ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്ന വർഷത്തിൽ രാജ്യാന്തര പ്രശസ്തരായ ഏജൻസിയുടെ മികച്ച റാങ്കിങ് ഖത്തറിനും അഭിമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.