വെബ് സമ്മിറ്റിനൊരുങ്ങി ദോഹ; 12,000ത്തിലധികം പ്രതിനിധികൾ
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമെന്നറിയപ്പെടുന്ന വെബ്സമ്മിറ്റിന്റെ ആദ്യ മിഡിലീസ്റ്റ് പരിപാടിയായ വെബ് സമ്മിറ്റിനൊരുങ്ങി ഖത്തർ. ഫെബ്രുവരി 26 മുതൽ 29 വരെ നടക്കുന്ന സമ്മിറ്റിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. മേഖലയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് സമ്മേളനമായാണ് വെബ് സമ്മിറ്റ് ഖത്തർ കണക്കാക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12,000ത്തിലധികം പ്രതിനിധികൾ ഖത്തറിലെത്തും.
80 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ, ഖത്തർ, അമേരിക്ക, ഈജിപ്ത്, ബ്രസീൽ, ഇറ്റലി, നൈജീരിയ, ബ്രിട്ടൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെയും പങ്കാളികളുടെയും പുതിയ തലമുറയുമായി ദോഹയിൽ ചേർന്നിരിക്കും. ഫെബ്രുവരി 26 മുതൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (ഡി.ഇ.സി.സി) നാലുദിവസം നീളുന്ന വെബ് സമ്മിറ്റ് നടക്കുന്നത്.
വെബ് സമ്മിറ്റിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഏകദേശം മൂന്നിലൊന്നും സ്ത്രീകളാണ് സ്ഥാപിച്ചത്. ആഫ്രിക്കയിൽനിന്ന് 200 പേർ വെബ് സമ്മിറ്റിനായി ഖത്തറിലെത്തും. ഇതിൽ 100ലധികം പേർ പരിപാടിയുടെ ഇംപാക്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് വരുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മുൻനിര സംരംഭകരും നിക്ഷേപകരും വ്യാപാര പ്രതിനിധികളുമാണ് ഖത്തറിലേക്ക് എത്തുകയെന്നും ഇത് മേഖലയുമായുള്ള ബന്ധത്തിന് മികച്ച അവസരം സൃഷ്ടിക്കുമെന്നും വെബ് സമ്മിറ്റ് സി.ഇ.ഒ കാതറിൻ മഹർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ചില ഫണ്ടുകളിൽ നിന്നുള്ള അഞ്ഞൂറ് നിക്ഷേപകർ സ്റ്റാർട്ടപ്പുകളുമായി സമ്മിറ്റിനോടനുബന്ധിച്ച് കൂടിക്കാഴ്ച നടത്തും. പീക്ക് എക്സ്.വി മാനേജിങ് ഡയറക്ടർ ജി.വി. രവിശങ്കർ, ഗ്ലോബൽ വെഞ്ചേഴ്സ് സ്ഥാപകൻ നൂർ സ്വീഡ്, 500 ഗ്ലോബലിന്റെ ക്രിസ്റ്റീൻ സായ്, ഖൈലീ എൻജി, ഇൻവെസ്റ്റ് ഖത്തറിന്റെ അലി അൽ വലീദ് ആൽഥാനി, കൂടാതെ നോർത്ത് സോൺ, ബി ക്യാപിറ്റൽ, അപാക്സ് പാർട്ണേഴ്സ്, ടെക്സ്റ്റാർഡ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളും ദോഹയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.