അഫ്ഗാനിലെ വെടിനിർത്തൽ പരിഗണിക്കാൻ ദോഹ ചർച്ചയിൽ ധാരണ
text_fieldsദോഹ: അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ ദോഹയിൽ നടത്തുന്ന സമാധാന ചർച്ചകളിൽ നിർണായക വഴിത്തിരിവ്. മാസങ്ങളായി തുടരുന്ന ചർച്ചകളിൽ ഇരുവിഭാഗവും ആദ്യഘട്ട ധാരണയിലെത്തി. വെടിനിർത്തൽ അടക്കമുള്ള പ്രധാനവിഷയങ്ങളിൽ ചർച്ചകൾക്ക് മധ്യസ്ഥരെ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ധാരണയിലുള്ളത്. ഇതുവരെയുള്ള ചർച്ചകളിൽ വെടിനിർത്തൽ വന്നിട്ടുണ്ടായിരുന്നില്ല.
19 വർഷമായി അഫ്ഗാനിൽ തുടരുന്ന യുദ്ധം അവസാനിപ്പിച്ച് സമാധനം പുന:സ്ഥാപിക്കുക എന്നതാണ് ദോഹ ചർച്ചകളുെട ലക്ഷ്യം. വെടിനിർത്തൽ അടക്കമുള്ള അജണ്ടകൾ തയാറായെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടക്കുമെന്നും അഫ്ഗാൻ സർക്കാർ പ്രതിനിധി നാദിർ നദേരി 'റോയിട്ടേഴ്സി'നോട് പറഞ്ഞു.
താലിബാൻ വക്താവും ട്വിറ്ററിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവിഭാഗവും മൂന്നുപേജ് വരുന്ന കരാറിന് സമ്മതിച്ചതായും രാഷ്ട്രീയകാര്യങ്ങളിലൂന്നിയുള്ള കൂടിയാലോചനകളും വെടിനിർത്തലും ഇതിൽ ഉൾെപ്പട്ടിട്ടുണ്ടെന്നും അഫ്ഗാൻ അനുരഞ്ജനത്തിനുള്ള യു.എസ് പ്രതിനിധി സൽമേയ് ഖലിൽസാദും പറഞ്ഞു.
യു.എസിന്‍റെ താൽപര്യപ്രകാരമാണ് ദോഹയിൽ ചർച്ചകൾ നടക്കുന്നത്. അഫ്ഗാനിൽ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. സർക്കാർ സൈന്യത്തിന് നേരെയുള്ള താലിബാൻ ആക്രമണവും തുടരുന്നു. ചർച്ചയുടെ ഇതുവരെയുള്ള ഘട്ടങ്ങളിൽ വെടിനിർത്തൽ എന്നത് പരിഗണന വിഷയമാകാൻ താലിബാൻ സമ്മതിച്ചിരുന്നില്ല. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.