മലയാളക്കരയിൽ ഫുട്ബാൾ ആവേശം പകരാൻ 'ഡോം' ഖത്തർ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം കേരളത്തിലും എത്തിക്കാൻ വിപുലമായ പരിപാടികളുമായി ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ 'ഡയസ്പോറ ഓഫ് മലപ്പുറം'. അറേബ്യൻ മണ്ണ് ആദ്യമായി വേദിയൊരുക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ വിശേഷങ്ങളും കളിയാവേശവും കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള മലപ്പുറം ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ അവതരിപ്പിക്കുമെന്ന് 'ഡോം ഖത്തർ' ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതിന്‍റെ ഭാഗമായി ലോകകപ്പ് ക്വിസ്, സ്പോർട്സ് സിമ്പോസിയം, ഫുട്ബാൾ പ്രദർശന മത്സരം എന്നിവക്ക് ജൂലൈ നാലിന് കാലിക്കറ്റ് സർവകലാശാല വേദിയാവും. ഖത്തർ വേദിയാവുന്ന ലോകകപ്പിന് പിറന്ന മണ്ണിൽ പ്രചാരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന് ഡോം ഖത്തർ പ്രസിഡന്‍റ് വി.സി മഷ്ഹൂദ് അറിയിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫുട്ബാൾ അനുബന്ധ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സർക്കാർ, അർധസർക്കാർ ഉൾപ്പെടെ നിരവധി കോളജുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത ക്വിസ് മാസ്റ്റർമാർ നേതൃത്വം നൽകുന്ന മത്സരത്തിലെ വിജയികൾക്ക് 50,022 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 25022 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,022 രൂപയും സമ്മാനത്തുകയായി നൽകും. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്ന ടീമുകൾക്കെല്ലാം പ്രോത്സാഹന സമ്മാനവും നൽകും. തുടർന്ന്, ഇന്ത്യയിലെയും ഖത്തറിലെയും കായിക സംഘാടകരും മുൻ ഫുട്ബാൾ താരങ്ങളും പങ്കെടുക്കുന്ന സിമ്പോസിയം, വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന പ്രദർശന മത്സരവും സംഘടിപ്പിക്കും. സംസ്ഥാന കായിക മന്ത്രാലയം, കാലിക്കറ്റ് സർവകലാശാല, കേരള ഫുട്ബാൾ അസോസിയേഷൻ, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്‍ററി പ്രദർശനവും നടത്തും.
ഇന്‍റർകോളജ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം സഹിതം രജിസ്റ്റർ ചെയ്യാവുന്നതാണ്. സർവകലാശാല അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾക്ക് മാത്രമായിരിക്കും അനുവാദം. വിശദവിവരങ്ങൾക്ക് domqatarkickoff2022@gmail.com വഴി ബന്ധപ്പെടാം.
ലോകകപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഖത്തറിലും സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിവിധ മത്സര പരിപാടികൾ ആസൂത്രണം ചെയ്തതായി ഡോം ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്‍റ് വി.സി. മഷ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, ചീഫ് പേട്രൻ അച്ചു ഉള്ളാട്ടിൽ, ചീഫ് കോഓഡിനേറ്റർ ഉസ്മാൻ കല്ലൻ, ഡോം ഖത്തർ വനിതാഫ വിങ് കോഓഡിനേറ്റർ സൗമ്യ പ്രദീപ്, സെക്രട്ടറി
രതീഷ് കക്കോവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.