ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് തൊഴിൽ മന്ത്രാലയം നിരീക്ഷിക്കും
text_fieldsദോഹ: വിദേശത്ത് നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നടപടികളുമായി തൊഴിൽ മന്ത്രാലയം. പ്രബേഷൻ കാലയളവ് ഒമ്പത് മാസമാക്കി ദീർഘിപ്പിക്കുന്നതുൾപ്പെടെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മാൻപവർ ഏജൻസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, റിക്രൂട്ട്മെൻറ് ചാർജ് നിജപ്പെടുത്തുക, റിക്രൂട്ട്മെൻറ് നിയമനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യംവെച്ചാണ് മന്ത്രാലയം പുതിയ നടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. റിക്രൂട്ട്മെൻറ് ഏജൻസികൾ നിയമനടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി തൊഴിൽമന്ത്രാലയം ഈയിടെ പരിശോധന ഊർജിതമാക്കിയിരുന്നു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 11 റിക്രൂട്ട്മെന്റ് ഏജൻസികൾ അടച്ചുപൂട്ടാനും ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനും മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ക്ലീനിങ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ തുടങ്ങിയ അനധികൃത പ്രവൃത്തികൾ നടത്തിയ ഒരു മാൻപവർ കമ്പനിയെയും പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വരും മാസങ്ങളിലും മന്ത്രാലയത്തിന്‍റെ പരിശോധന തുടരുമെന്നും മുന്നറിയിപ്പില്ലാതെയായിരിക്കും പരിശോധനയെന്നും റിക്രൂട്ട്മെൻറ് വിഭാഗം മേധാവി നാസർ അൽ മന്നാഇ പറഞ്ഞു. കമ്പനികളുടെ ലൈസൻസ് കാലാവധി, വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റി അനുമതി, കമ്പ്യൂട്ടർ കാർഡ് തുടങ്ങിയവയും പരിശോധിക്കുമെന്നും ഗാർഹിക തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ, ജീവിത നിലവാരം, ആരോഗ്യം, സുരക്ഷിതത്വം എന്നിവയും പരിശോധനക്ക് വിധേയമാക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. വിദേശ രാജ്യങ്ങളിൽനിന്നും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ചുമതല മാത്രമാണ് ഏജൻസികൾക്കുള്ളത്. മറ്റു ബിസിനസ് പ്രവർത്തനങ്ങൾക്ക് നിയമസാധുതയില്ല. നിരവധി കമ്പനികൾ അനുവദിക്കപ്പെട്ടതിന് പുറമേയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും അൽ മന്നാഇ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.