ഉറക്കം വിട്ട് കളിക്കേണ്ട
text_fieldsരാത്രി വൈകി ഉറങ്ങുകയും പകൽ ജോലി ഉള്ളതിനാൽ ആവശ്യത്തിന് ഉറങ്ങാതെ എഴുന്നേറ്റ് പോകുന്നതുമാണ് പ്രവാസലോകത്തെ പതിവ് ശീലം. എന്നാൽ, ആവശ്യത്തിന് ഉറക്കമില്ലെങ്കിൽ ആരോഗ്യം കേടാകും എന്ന് മുന്നറിയിപ്പു നൽകുകയാണ് ഖത്തർ പ്രാഥമികാരോഗ്യ വിഭാഗം. ശാരീരികവും മാനസികവുമായ ആരോഗ്യം നേടുന്നതിന് മതിയായ ഉറക്കം നേടേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കിയ പി.എച്ച്.സി.സി, നല്ല ആരോഗ്യം ആസ്വദിക്കാൻ മുതിർന്നവർ ദിവസത്തിൽ ആറുമുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണമെന്നും റമദാനിലെ ആരോഗ്യ ബോധവത്കരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
വൈകി ഉണരുന്നതും ഉറക്കക്കുറവും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അണുബാധക്കുള്ള ഉയർന്ന അപകടസാധ്യതക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്നും പി.എച്ച്.സി.സി ഉംഗുവൈലിന ഫാമിലി മെഡിസിൻ കൺസൽട്ടന്റ് ഡോ. മൂസ ബഷീർ മൻസൂർ പറഞ്ഞു.
ഉറക്കമൊഴിക്കുന്നത് നോർപിനെഫ്രിൻ, കോർട്ടിസോൾ തുടങ്ങി സമ്മർദങ്ങൾക്ക് കാരണമാകുന്ന ഹോർമോണുകളുടെ ഉൽപാദനത്തിന് കാരണമാകുമെന്നും പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്ന ഹോർമോണുകളെ കുറക്കുമെന്നും ഡോ. മൂസ ബഷീർ ചൂണ്ടിക്കാട്ടി.
വൈകി ഉണരുന്നത് വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്ന ഹോർമോണുകളെയാണ് ബാധിക്കുക. അതിനാൽ ഉറക്കത്തിലെ മാറ്റങ്ങൾ ശരീരത്തിലെ കൊഴുപ്പ് സംഭരിക്കുന്നതോടൊപ്പം ടൈപ് 2 പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഫ്താറിന് ശേഷം തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ തരം ശ്രദ്ധിക്കണമെന്ന് ഡോ. മൻസൂർ ഉപദേശിച്ചു. സുഹൂർ വരെ കാപ്പിയും ചായയും കുടിക്കുന്നത് വ്യക്തികളെയും അവരുടെ ഉറക്കസമയത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ മിതമായ അളവിൽ ഭക്ഷണം കഴിക്കാനും ഉറങ്ങുന്നതിന് മുമ്പ് ഉത്തേജക മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പകൽ സമയങ്ങളിലെ 10 മുതൽ 30 വരെ മിനിറ്റ് നീണ്ടുനിൽക്കുന്ന ചെറിയ മയക്കം പ്രയോജനകരവും കുറച്ച് വിശ്രമം ലഭിക്കാൻ ആളുകളെ സഹായിക്കുകയും ചെയ്യും. എന്നാൽ, പകലിലെ ദൈർഘ്യമേറിയ ഉറക്കം രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തതിലേക്ക് നയിക്കുമെന്നും അടുത്ത ദിവസത്തെ വ്യക്തിയുടെ ഏകാഗ്രതയെ ബാധിക്കുമെന്നും വിശദീകരിച്ചു.
ക്ഷീണവും ഉറക്കവും ഹൃദയസംബന്ധമായ രോഗങ്ങൾ, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഡോ. മൂസ ബഷീർ മൻസൂർ പറഞ്ഞു. ഉറക്കം ഹൃദയധമനികളുടെ രോഗശാന്തിയെ പിന്തുണക്കുകയും രക്തസമ്മർദവും പഞ്ചസാരയുടെ അളവും നിലനിർത്തുന്ന പ്രക്രിയകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഉറക്കം കുറയുന്നതിലൂടെയുണ്ടാകുന്ന മോശം ആരോഗ്യം കാൻസർ തടയുന്നതിനുള്ള ചില പ്രധാന ഹോർമോണുകളുടെ ഉൽപാദനത്തെയാണ് തടയുന്നത് -അദ്ദേഹം സൂചിപ്പിച്ചു.
കുറച്ച് മണിക്കൂറുകൾ ഉറങ്ങുന്നത് വിഷാദം, ഉത്കണ്ഠ, സമ്മർദം എന്നിവക്ക് കാരണമാകുന്നു. ചർമത്തിന്റെ വീക്കവും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളും പോലുള്ള ചർമ പ്രശ്നങ്ങൾക്ക് പുറമെയാണിത്. ഉറക്കക്കുറവ് മൂലമുണ്ടാകുന്ന കോർട്ടിസോൾ ഹോർമോണാണ് ഇതിന് കാരണം. വൈകി എഴുന്നേൽക്കുന്നത് പുറം, സന്ധി, പേശി വേദനകൾക്കും കാരണമാകുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.