പഞ്ചാര വേണ്ട മക്കളേ..... ഇന്ന് അന്താരാഷ്ട്ര പ്രമേഹദിനം
text_fieldsദോഹ: നവംബർ 14ന് ലോകം പ്രമേഹ ദിനമായി ആചരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങളിൽ മുഖ്യമായ ഒന്ന് എന്ന നിലയിൽ അവഗണിച്ചാൽ അപകടകാരിയും കരുതലോടെ പരിചരിച്ചാൽ കൈപ്പിടിയിലൊതുങ്ങുന്നതുമായ രോഗം.
പ്രമേഹ രോഗികൾക്ക് കരുതൽ നൽകിയും സമൂഹത്തിൽ ബോധവത്കരണവുമായി ഖത്തറിന്റെ പ്രമേഹരോഗ പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കുന്ന സംവിധാനമാണ് ഖത്തർ ഡയബറ്റിക് അസോസിയേഷൻ.
പ്രമേഹ രോഗികളുടെ ചികിത്സയും പരിചരണവും മുതൽ ബോധവത്കരണ ക്യാമ്പുകളും സ്ക്രീനിങ്ങുമെല്ലാമായി സജീവമാണ് ക്യു.ഡി.എ. അതിവേഗം മാറുന്ന ചികിത്സ മേഖലകളിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾക്കൊണ്ട് അവയുടെ സേവനങ്ങൾ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങളിലൂടെ ക്യു.ഡി.എ നിർവഹിക്കുന്നത്.
1995ൽ ചാരിറ്റബ്ൾ സംഘടനയായി സ്ഥാപിക്കപ്പെട്ട് കുറഞ്ഞ കാലംകൊണ്ടുതന്നെ ഖത്തറിലെ പ്രമേഹ പരിചരണത്തിലും ബോധവത്കരണത്തിലുമായി മേൽവിലാസം കുറിച്ചു. 1997ൽ അന്താരാഷ്ട്ര ഡയബറ്റ്സ് ഫെഡറേഷന്റെയും സജീവ അംഗമായി മാറി.
ഖത്തറിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ മുഴുവൻ സമൂഹത്തിലേക്ക് തുടർച്ചയായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ പ്രമേഹം സംബന്ധിച്ച ബോധവത്കരണം നടത്തുകയാണ് ക്യു.ഡി.എ എന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമദ് ചൂണ്ടിക്കാണിച്ചു. രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും ജീവിതശൈലി ചിട്ടപ്പെടുത്തുക, പ്രമേഹം നിയന്ത്രിക്കുക, രോഗം വരാനുള്ള സാധ്യത കുറക്കുക എന്നിവ ഇതുവഴി കഴിയുന്നു. വിട്ടുമാറാത്ത രോഗങ്ങളിലൊന്നാണ് പ്രമേഹം. രോഗികൾക്കും ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾക്കും ഭാരമാവുന്ന പ്രമേഹത്തെ ബോധവത്കരണ കാമ്പയിനുകളിലൂടെ ചെറുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
2012ലെ സർവേ പ്രകാരം ഖത്തറിലെ മുതിർന്നവരിൽ 17 ശതമാനമായിരുന്നു പ്രമേഹ രോഗികളുടെ നിരക്ക്. 20 ശതമാനത്തോളം പേർ പ്രീ ഡയബറ്റിക് സ്റ്റേജിലുമായിരുന്നു.
എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടുകളിലെ തുടർച്ചയായ ബോധവത്കരണവും പ്രചാരണ പ്രവർത്തനങ്ങളും വഴി പ്രമേഹത്തിനെതിരെ സമൂഹത്തെ ഉണർത്താനും ചികിത്സയും വ്യായാമവും ഉൾപ്പെടെ തുടർ പദ്ധതികളിലൂടെ രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും എണ്ണം കുറക്കാനും സാധ്യമായി. 2016-2022ലെ ദേശീയ ഡയബറ്റിസ് സ്ട്രാറ്റജിയിലൂടെ രോഗനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറച്ചു -അദ്ദേഹം വിശദീകരിച്ചു.
‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണം അറിയുക’ എന്നതാണ് ഇത്തവണ അന്താരാഷ്ട്ര ദിനത്തിന്റെ മുദ്രാവാക്യം.
ടൈപ്-2 പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്തൊക്കെയാണ് എന്നതു സംബന്ധിച്ച ബോധവത്കരണവും ക്യു.ഡി.എ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
പ്രമേഹം നേരത്തേ തിരിച്ചറിയുകയും യഥാസമയം ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാമെന്ന് കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഈ മാസം സ്കൂളുകൾ, സർവകലാശാലകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെല്ലാം പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും.
പ്രമേഹക്കാർക്ക് കൂട്ടായി ആപ്
ദോഹ: പ്രമേഹ ബാധിതരുടെ ആരോഗ്യ നിയന്ത്രണത്തിന്റെ ഭാഗമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ (ക്യു.ഡി.എ) പുറത്തിറക്കിയ മൊബൈൽ ആപ്പിനും പൊതുജനങ്ങളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആഗസ്റ്റ് മൂന്നാം വാരത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഒരു മാസംകൊണ്ട് രണ്ടായിരത്തോളം പേരാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചുതുടങ്ങിയത്.
പ്രമേഹവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന വിധത്തിലാണ് മൊബൈൽ ആപ് വികസിപ്പിച്ചത്.
ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത പ്രമേഹ ബാധിതരായ രോഗികൾക്ക് തങ്ങളുടെ സംശയങ്ങൾ ക്യു.ഡി.എയിലെ മെഡിക്കൽ സംഘവുമായി പങ്കുവെക്കുകയും ഉപദേശം തേടുകയും ചെയ്യാവുന്നതാണ്. പ്രമേഹ നിയന്ത്രിത സമൂഹത്തെ സൃഷ്ടിക്കുക എന്ന ക്യു.ഡി.എയുടെ വിവിധ പദ്ധതികളുടെ തുടർച്ചയായാണ് പ്രത്യേക മൊബൈൽ ആപ്പുകൾ അവതരിപ്പിച്ചത്. ഇംഗ്ലീഷിലും അറബിയിലുമായി സേവനം ലഭ്യമാണ്.
വാക്കത്തണിന്റെ ഭാഗമായ ആരോഗ്യ പരിശോധന
പ്രചാരണ കാമ്പയിനുകളുമായി ക്യു.ഡി.എ
ദോഹ: ലോക പ്രമേഹ ദിനത്തെ ഒരു മാസം നീളുന്ന വിപുലമായ പരിപാടികളോടെയാണ് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ ആചരിക്കുന്നത്.
അതിന്റെ ഭാഗമായി വെള്ളിയാഴ്ച ഓക്സിജൻ പാർക്കിൽ നടന്ന വാക്കത്തണിൽ അണിനിരന്നത് 3000ത്തോളം പേരായിരുന്നു.
ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകൾ മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സംവിധാനങ്ങളും പങ്കാളികളായി. എല്ലാ വർഷവും പ്രമേഹ ദിനത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയുടെ 17ാമത് പതിപ്പിനാണ് ഇത്തവണ സാക്ഷിയായത്.
നാഷനൽ ഡയബറ്റ്സ് സ്ട്രാറ്റജി, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി, സിദ്ര മെഡിസിൻ, ഹാർട്ട് ഹോസ്പിറ്റൽ, ഖത്തർ ബയോമെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പങ്കാളികളായി. പ്രമേഹ പരിശോധന മുതൽ വ്യായാമങ്ങൾ, വിവിധ ഗെയിമുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബോധവത്കരണം എന്നിവയും വാക്കത്തണിന്റെ ഭാഗമായി നടന്നു.
വിപുലമായ പരിപാടികൾ ക്യു.ഡി.എക്കു കീഴിൽ ആസൂത്രണം ചെയ്ത് നടത്തുന്നതായി ഇവന്റ് അഡ്മിൻ അഷ്റഫ് കൂറ്റനാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.