ഭക്ഷണം പാഴാക്കരുതേ...എക്സ്പോയിൽ ‘തദാമുൻ’ സംരംഭം
text_fieldsദോഹ: ഭക്ഷ്യവിഭവങ്ങൾ പാഴാക്കുന്നത് കുറക്കുക എന്ന ലക്ഷ്യവുമായി അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ (എക്സ്പോ 2023)യിൽ ‘തദാമുൻ’ സംരംഭത്തിന് തുടക്കം കുറിച്ചു. എല്ലാ ജൈവ, ഖര, പ്ലാസ്റ്റിക് മാലിന്യങ്ങളുടേയും പുനരുപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് സംഭാവന നൽകുന്ന രീതിയിൽ വർധിപ്പിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
എക്സ്പോ ഇന്റർനാഷനൽ സോണിൽ റയ്യാൻ മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റിക്ക് കീഴിലെ ഭക്ഷ്യസുരക്ഷ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, മാലിന്യ പുനഃസംസ്കരണം, ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനുള്ള സാമൂഹിക സംരംഭമായ ഹിഫ്സ് അൽ നഅ്മ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് തദാമുനിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഭക്ഷണം പാഴാക്കുന്നത് കുറക്കുക, ഭക്ഷ്യ സ്റ്റോക്കുകളുടെ വിതരണത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുക, കൂടുതൽ സുസ്ഥിരമായ വികസന സംവിധാനവും സാമൂഹിക ഐക്യദാർഢ്യവും സൃഷ്ടിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഭക്ഷ്യ സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നിവയാണ് ബഹുമുഖ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റയ്യാൻ മുനിസിപ്പാലിറ്റി മേധാവി ജാബിർ ഹസൻ അൽ ജാബിർ പറഞ്ഞു.
ദോഹ എക്സ്പോയുടെ നേട്ടങ്ങൾ കണക്കിലെടുത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്നും ഇതിലൂടെ ലഭ്യമായ ശാസ്ത്രീയവും മനുഷ്യവിഭവശേഷിയുള്ളതുമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും ഭക്ഷ്യസുരക്ഷക്കായുള്ള രാജ്യത്തിന്റെ തന്ത്രത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സാധ്യതകൾ സമാഹരിക്കുകയും ചെയ്യുന്നുവെന്നും അൽ ജാബിർ കൂട്ടിച്ചേർത്തു.ഖത്തറിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും, ഖത്തരി സമൂഹത്തിൽ സുസ്ഥിരത എന്ന ആശയം അവതരിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സുപ്രധാന അവസരത്തെയാണ് തദാമുൻ സംരംഭം പ്രതിനിധാനം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥനായ സാലിഹ് സാലിം അൽ റുമൈഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.