ഡോ. ബഹാഉദ്ധീന്‍ നദ്വി മുസ്ലിം പണ്ഡിത സഭാ ആസ്ഥാനം സന്ദർശിച്ചു
text_fieldsദോഹ: സമസ്ത മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ ആസ്ഥാനം സന്ദർശിച്ചു. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദർശനത്തിനിടെയായിരുന്നു സഭാംഗം കൂടിയായ ബഹാഉദ്ധീന്‍ നദ്വിയുടെ സന്ദർശനം.
ദോഹയിലെ സഭാ ആസ്ഥാനത്ത് പ്രസിഡന്‍റ് ഡോ. അഹമദ് റൈസൂനിയും സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗിയും അദ്ദേഹത്തെ സ്വീകരിച്ചു. ദാറുല്‍ ഹുദായടക്കം കേരളത്തിലെ ഇസ്ലാമിക ചലനങ്ങളെ കുറിച്ചും ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നേതാക്കള്‍ സംവദിച്ചു. ലോകത്തെവിടെയായാലും മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങൾക്ക് വിവേകപൂർണമായ ഇടപെടലാണ് പരിഹാരമെന്നും വികാരപ്രകടനവും സായുധപ്രതികരണങ്ങളും ആത്മഹത്യാപരമാണെന്നും പറഞ്ഞ ഡോ.റൈസൂനി ഇന്ത്യന്‍ ന്യൂനപക്ഷ പ്രശ്നങ്ങളില്‍ പണ്ഡിത സഭ ആകുന്നത് ചെയ്യുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.
പര്യടനത്തിനിടെ ഇന്‍റർഫെയ്ത് ഡയലോഗ് സെന്‍റർ ചെയർമാന്‍ ഡോ. ഇബ്രാഹീം നഈമിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മതസൗഹാർദത്തിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച ഡോ. അന്നഈമി മെയ് അവസാനം ഖത്തറില്‍ നടക്കുന്ന ലോക മതാന്തരസംവാദ സെമിനാറിലേക്ക് ഡോ. നദ്വിയെ ഔദ്യോഗിക അതിഥിയായി ക്ഷണിച്ചു.
മുന്‍ മന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി ചെയർമാനുമായ ഡോ. ഹമദ് ജാസിം അല്‍ കുവാരി, ഖത്തര്‍ അപ്പീല്‍ കോടതി തലവന്‍ ജസ്റ്റിസ് മുഹമ്മദ് ത്വായിസ് അൽജുലമൈലി, പ്രമുഖ ഇസ്ലാമിക പ്രബോധകരായ ശൈഖ് ത്വായിസ് അൽജുമമൈലി, ഡോ.ജഅ്ഫര്‍ അഹ്മദ് ത്വൽഹയവി, ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഹദീസ് പ്രഫസര്‍ ഡോ.ആദില് അൽഹറാസി അൽസമാനി എന്നിവരെയും ഡോ. നദ്വി സന്ദർശിച്ചു.
വിവിധ പരിരപാടികളില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ അദ്ദേഹം ഖത്തര്‍ ഹാദിയയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും ഇഫ്താര്‍ സംഗമങ്ങളിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.