ഫലസ്തീൻ കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് ഡോ. ചുങ്
text_fieldsതൈക്വാൻഡോ പ്രസിഡന്റ് ഡോ. ചുങ് വോൻ ദോഹയിലെ ഫലസ്തീൻ കോമ്പൗണ്ടിൽ ഗസ്സയിൽ നിന്നുള്ള കുട്ടികൾക്കൊപ്പം
ദോഹ: ഗസ്സയിലെ യുദ്ധഭൂമിയിൽ നിന്നും ഖത്തറിന്റെ മണ്ണിൽ അഭയം തേടിയെത്തിയ ഫലസ്തീനികളെ സന്ദർശിച്ച് ലോക തൈക്വാൻഡോ പ്രസിഡന്റും തൈക്വാൻഡോ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ തലവനുമായ ഡോ. ചുങ് വോൻ ചൗ. ദോഹയിലെ ഫലസ്തീൻ കോമ്പൗണ്ടിൽ ഖത്തർ തൈക്വാൻഡോ, ജുഡോ, കരാട്ടേ ഫെഡറേഷൻ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. കോമ്പൗണ്ടിലെ താമസക്കാരായ ഫലസ്തീൻ കുടുംബങ്ങളുടെയും മാനസിക ഉല്ലാസത്തെ പിന്തുണക്കുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
യുദ്ധത്തിന്റെ ദുരിതനാളുകളുടെ ഓർമയിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തുന്ന കുരുന്നുകളെ ഓമനിച്ചും കുട്ടികളുമായി കളിച്ചും സന്തോഷം പങ്കുവെച്ചും ഡോ. ചുങ് വോൻ സജീവമായി.
ഫലസ്തീനികൾക്കായി തൈക്വാൻഡോ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിന്റെ സാധ്യതകൾ ഖത്തർ ഒളിമ്പിക് കമ്മിറ്റി, മന്ത്രാലയം, ഖത്തർ സോഷ്യൽ വർക് കൺസൾട്ടന്റ് മുഹമ്മദ് അൽ കഞ്ജി എന്നിവരുമായി ഡോ. ചുങ് വോൻ ചർച്ച നടത്തി. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും ടി.എച്ച്.എഫും അഭയാർഥികൾക്കുള്ള കായിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സജീവമായി പങ്കുവഹിക്കുന്ന സംവിധാനങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.