ഡോ. ഹനാദി അൽ ഹമദിനെ കൾച്ചറൽ ഫോറം ആദരിച്ചു
text_fieldsദോഹ: പ്രവാസി സമൂഹത്തിനിടയിൽ കൾച്ചറൽ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടന അവാർഡ് ജേതാവും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അൽ അഹമ്മദ് അവാർഡ് നേടിയ ഹനാദിയുമായി ഖത്തർ കൾച്ചറൽ ഫോറം ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിനന്ദനം. കോവിഡ് കാലഘട്ടത്തിൽ പ്രവാസി സമൂഹത്തിനായി കൾച്ചറൽ ഫോറം നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. ഖത്തർ റിഹാബിലിറ്റേഷൻ സെന്‍ററിന് കീഴിൽ പ്രവാസി സമൂഹത്തിന് ഉൾപ്പെടെ നടന്നുവരുന്ന വിവിധങ്ങളായ ആരോഗ്യപ്രവർത്തനങ്ങളെക്കുറിച്ച് ഹനാദി വിശദീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ കൾച്ചറൽ ഫോറം പോലുള്ള സംഘടനകൾക്ക് ഏറെ സംഭാവനകൾ അർപ്പിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. കൾച്ചറൽ ഫോറത്തിന്‍റെ പല പ്രവർത്തനങ്ങളെയും പിന്തുണക്കാൻ റിഹാബിലിറ്റേഷന് സാധിക്കുമെന്നും ഭാവിയിൽ പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്ന സഹായങ്ങളും പിന്തുണയും നൽകുമെന്നും അവർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അൽ അഹമദ് അവാർഡ് നേടിയ റുമൈല ഹോസ്പിറ്റലിന്‍റെയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഡയറക്ടര്‍ ഹനാദി അൽ ഹമദിനുള്ള കൾച്ചറൽ ഫോറം ഉപഹാരം ഭാരവാഹികൾ കൈമാറി. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ഹനാദി അൽ ഹമദിന് ശൈഖ് സബാഹ് അൽ അഹ്മദ് അവാർഡ് ലഭിച്ചത്. വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, മുൻ പ്രസിഡന്‍റ് ഡോ. താജ് ആലുവ, സംസ്ഥാന സമിതി അംഗം സാദിഖ് ചെന്നാടൻ, കമ്യൂണിറ്റി സർവിസ് കൺവീനർ നജ്ല നജീബ്, ഷാജി കോട്ടക്കൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.