ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു
text_fieldsദോഹ: പ്രവാസ മണ്ണിലെ ആതുര സേവനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി വിദഗ്ധനും ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ പ്രസിഡൻറുമായ ഡോ. മോഹന്‍ തോമസിന് സമ്മാനിച്ചു. ദോഹ അബൂഹമൂര്‍ ഐ.സി.സി ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുവേണ്ടി ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ പ്രശസ്തി ഫലകം കൈമാറി. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി മെഡല്‍ സമ്മാനിച്ചു.
ഭാരതം നല്‍കിയ വലിയ അംഗീകാരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഡോ. മോഹന്‍ തോമസ് പറഞ്ഞു. ഖത്തറിെൻറ മണ്ണില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഡോ. മോഹന്‍ തോമസ് വഹിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ മുന്‍ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, അമീരി ദിവാനി ഉപദേശകനും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി പ്രസിഡൻറുമായ ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ഥാനി, ഖത്തര്‍ ആരോഗ്യമന്ത്രാലയം പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെൻറ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽഥാനി, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് മേജര്‍ ശൈഖ് നാസര്‍ ബിന്‍ അബ്ദുല്ല ആൽഥാനി, ദക്ഷിണാഫ്രിക്കന്‍ മുന്‍ സ്ഥാനപതി സലീം അല്‍ ജാബിര്‍, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍ സീതാരാമന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി.
ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അഥിയ്യ, ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍, ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല സെയ്ഫ് അല്‍ അബ്ദുല്ല എന്നിവര്‍ വിഡിയോ സന്ദേശം വഴിയും ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍, പ്രവാസി സാമൂഹിക സംഘടന സാരഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പ്രവാസി കലാകാരന്മാര്‍ അവതരിപ്പിച്ച ഗസല്‍, വിദ്യാർഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ തുടങ്ങിയവയും ചടങ്ങിന് മിഴിവേകി. ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജന്‍ നന്ദിയര്‍പ്പിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഡോ. മോഹൻ തോമസ് ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യക്കാരയ 30 പ്രമുഖർക്ക് കേന്ദ്ര സർക്കാർ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം പ്രഖ്യാപിച്ചത്. ഈ വർഷം ഖത്തറിൽനിന്ന് പുരസ്കാരത്തിന് തെരഞ്ഞെടുത്ത ഏക ഇന്ത്യക്കാരൻ കൂടിയാണ്.
എറണാകുളം സ്വദേശിയായ ഡോ. മോഹൻ തോമസ് 35 വർഷത്തിലധികമായി ഖത്തർ പ്രവാസിയാണ്. ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നും എം.എസ് പൂർത്തിയാക്കിയ ശേഷം ആതുരസേവന- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം.
1980ൽ മോഹൻ തോമസിെൻറ നേതൃത്വത്തിലാണ് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർഹരായ രോഗികൾക്ക് ഇ.എൻ.ടി സംബന്ധമായ സൗജന്യ ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചത്. അർഹരായവർക്ക് വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഉറപ്പാക്കുന്ന സെർവ് പ്യൂപ്ൾ ഫൗണ്ടേഷൻ മോഹൻ തോമസിെൻറ കുടുംബമാണ് തുടങ്ങിയത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻെറ വിവിധ സേവന പ്രവർത്തനങ്ങളിലും മറ്റും മുൻനിരയിലും അദ്ദേഹത്തിെൻറ സാന്നിധ്യമുണ്ട്. ദോഹ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻറർ നിയുക്ത പ്രസിഡൻറുകൂടിയാണ് മോഹൻ തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.