ഡോ. വണ്ടൂർ അബൂബക്കർ: ഗൾഫിലും വ്യക്തിമുദ്രപതിപ്പിച്ചയാൾ
text_fieldsദോഹ: ശനിയാഴ്ച ബംഗളൂരുവിൽ നിര്യാതനായ ഡോ. വണ്ടൂർ അബൂബക്കർ ഖത്തറിലും വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. ഏറെ കാലം ഖത്തർ പ്രവാസിയായിരുന്ന അദ്ദേഹം സാമൂഹികസാംസ്കാരികരംഗത്ത് സജീവമായിരുന്നു. ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഖത്തര്‍ ബാങ്ക് ലീഗല്‍ റിസ്ക് മാനേജര്‍, ബര്‍വ ബാങ്ക് ലീഗല്‍ റിസ്ക്സ് മാനേജര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ സീനിയര്‍ അറ്റോര്‍ണി, സ്കോളേഴ്സ് ഇൻറര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍, ദോഹ ബാങ്ക് ലീഗല്‍ റിസ്ക്സ് മാനേജര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. എം എസ് എഫ് മുൻ സംസ്ഥാന പ്രസിഡൻറും ജിദ്ദ കെ എം സി സി പഴയകാല നേതാക്കളിൽ പ്രമുഖനുമാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ ആണ് സ്വദേശം. ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗവുമായിരുന്നു. നിര്യാണത്തിൽ സംസ്ഥാന കമ്മിറ്റിയും മലപ്പുറം ജില്ലാകമ്മിറ്റിയും അനുശോചിച്ചു. എം.എസ്.എഫിന് വിദ്യാർത്ഥികൾക്കിടയിൽ വേരോട്ടം ലഭിക്കുന്നതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പഴയകാല നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തു.
രാഷ്ട്രീയ പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹ്യ പ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിലും അദ്ദേഹം ഖത്തറിൽ സജീവമായിരുന്നു. നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. അതിനാൽ പ്രവാസികൾക്കിടയിൽ വൻസൗഹൃദവലയം അദ്ദേഹത്തിനുണ്ട്. ഒരുപതിറ്റാണ്ടിലധികം ഖത്തറിൽ ഉണ്ടായിരുന്നു.
ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) പാട്രണും എക്സിക്യുട്ടിവ് അംഗവുമായിരുന്നു. ഖിഫിൻെറ വളർച്ചയിലും പ്രയാണത്തിലും ഡോ. വണ്ടൂർ അബൂബക്കറിൻെറ സംഭാവനകൾ നിസ്തുലമായിരുന്നു. അദ്ദേഹത്തിൻെറ വേർപാടിൽ ഖിഫ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.