ഡ്രൈവറില്ലാ മിനിബസ് : അണിയറയിൽ പരീക്ഷണം
text_fieldsദോഹ: വളയം പിടിക്കാൻ ഡ്രൈവറില്ല, പ്രവർത്തനം പൂർണമായും ഓട്ടോമാറ്റിക്. റോഡുകളിലെ സിഗ്നൽ പോയൻറുകൾ മുതൽ മറ്റുവാഹനങ്ങളെ മറികടക്കുന്നതു വരെ കണ്ടാൽ പെർഫക്ട് ഓക്കെ. അണിയറിയിൽ പരീക്ഷണം തകൃതിയാവുന്ന കർവയുടെ ഫുൾ ഓട്ടോമാറ്റിക് മിനിബസിെൻറ കാര്യമാണ് പറയുന്നത്. ലെവൽ ഫോർ ടെക്നോളജിയിൽ ചൈനീസ് കമ്പനിയായ യുടോങ് നിർമിച്ച ഈ ബസ് ഇപ്പോൾ പരീക്ഷണത്തിലാണ്. പരീക്ഷണ വിജയം കണ്ടാൽ ഖത്തറിെൻറ നിരത്തുകളിൽ താരമാവുന്നത് ഈ കൊച്ചു ചൈനക്കാരനായി മാറും. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിന് ആരാധകരുടെ യാത്രക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തർ പൊതുഗതാഗത വിഭാഗമായി മുവാസലാത്ത്.
പുതിയ ബസ് കാണാനും പ്രവർത്തനങ്ങൾ വിലയിരുത്താനും പരിചയപ്പെടാനുമായി ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി കഴിഞ്ഞ ദിവസമെത്തി. ഒരു മാസത്തോളം നീളുന്ന പരീക്ഷണങ്ങളിൽ ഖത്തറിെൻറ കാലാവസ്ഥയിലും റോഡിലും മിനിബസ് പ്രവർത്തനക്ഷമമാണെന്ന് തെളിയിക്കപ്പെട്ടാൽ അധികം വൈകാതെ നിരത്തിലിറങ്ങും. അതോടെ, ലോകത്ത് ആദ്യമായി ഓട്ടോമാറ്റിക് വാഹനം ഗതാഗതത്തിന് ഒരുക്കുന്ന ആദ്യ രാജ്യമായി ഖത്തർ മാറും.
ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയിലെ ഏറ്റവും നവീനമായ ലെവൽ ഫോർ ടെക്നോളജിയോടെയാണ് യുടോങ്ങിെൻറ മിനിബസുകൾ സജ്ജമാക്കിയത്. ഡ്രൈവറില്ലാതെ തന്നെ വാഹനം ഓടും. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തിൽ ഒരു ഡ്രൈവർ വാഹനത്തിലുണ്ടായിരിക്കും. റഡാറുകളും ലിഡാർ സംവിധാനങ്ങളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലെ കാമറകളും ഉൾപ്പെടുന്നതാണ് ബസ്. സഞ്ചാരപാതയിൽ കാമറയും റഡാറും ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കും. 250 മീറ്റർ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് കാമറ സംവിധാനം.
മിനിബസിൽ ഒരേസമയം എട്ടു പേർക്ക് യാത്രചെയ്യാം. മണിക്കൂറിൽ 40 കിലോമീറ്ററാണ് വേഗം. ഒന്നരമണിക്കൂറിൽ മുഴുവനായും ചാർജ് ചെയ്യപ്പെടുന്ന ബാറ്ററിയിൽ 100കി.മീ വരെ ഓടാൻ കഴിയും. ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗമായാണ് കമ്പനി ഓട്ടോമാറ്റിക് മിനിബസിനെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.