‘ഓരോ ചുവടുവെപ്പിലും ജാഗരൂകരായിരിക്കണമെന്ന ഓർമപ്പെടുത്തൽ’
text_fields‘ലഹരിച്ചുഴിയിൽ കുരുങ്ങരുത് പ്രവാസ സ്വപ്നങ്ങൾ’ എന്ന പരമ്പരയിലൂടെ ‘ഗൾഫ് മാധ്യമം’ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നിടുകയാണ്. ലഹരി കടത്തും, ലഹരിയുടെ അമിത ഉപയോഗവും ഒരു തലമുറയെ തന്നെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ ചുവടുവെപ്പിലും നാം എത്രമാത്രം ജാഗരൂകരായിരിക്കണമെന്ന് ഓരോ വായനക്കാരനെയും, അതോടൊപ്പം പൊതു സമൂഹത്തെയും ഓർമപ്പെടുത്തുന്നതായിരുന്നു.
നമ്മുടെ കലാലയങ്ങളും, കളിസ്ഥലങ്ങളും, സിനിമ സാംസ്കാരിക മേഖലകളും ഒക്കെ തന്നെ മയക്കുമരുന്നിന്റെ നീരാളി പിടിത്തത്തിൽ അമർന്നിരിക്കുന്നു.
അതിനെ അർഹിക്കുന്ന ഗൗരവത്തോടു കൂടിയാണോ നമ്മുടെ ഭരണാധികാരികളും ഭരണകൂടങ്ങളും, സാംസ്കാരിക നായകന്മാരും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജാതി, മത ബഹുജന സംഘടനകളും കാണുന്നത് എന്നുള്ളത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഒട്ടനവധി പ്രത്യക്ഷ ഉദാഹരണങ്ങളിലൂടെ ഈ പരമ്പരയിൽ ഉടനീളം ഏതൊക്കെ പ്രലോഭനങ്ങൾ നൽകിയാണോ ലഹരി മാഫിയ ലഹരിക്കടത്തിനുവേണ്ടി സ്ത്രീകൾ, യുവതി, യുവാക്കൾ, വിദ്യാർഥികൾ, എന്നിവരെ കുടുക്കി എടുക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങളാണുള്ളത്.
പെട്ടെന്ന് പണമുണ്ടാക്കാം എന്ന ചിന്തയിൽ ലഹരിക്കടത്ത് സംഘങ്ങളിലേക്ക് എത്തപ്പെടുന്നവരും തങ്ങൾക്ക് ലഭിച്ച ഒരു സഹായത്തിന് പ്രത്യുപകാരമായി ഒന്നുമറിയാതെ അവരുടെ ആജ്ഞ അനുസരിക്കാൻ നിർബന്ധിതരാകുന്നവരുടെയും ദയനീയാവസ്ഥ വളരെ തീക്ഷ്ണതയോടെ വരച്ചു കാട്ടുന്നു. അടുത്തകാലത്തൊന്നും ഒരു മാധ്യമ സ്ഥാപനവും ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തി ഇതുപോലൊരു പരമ്പര ചെയ്തതായി കാണുന്നില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെ എല്ലാ നന്മകളെയും കെടുത്തുന്ന ലഹരിക്കടത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ഈ പരമ്പര പ്രസിദ്ധീകരിച്ച ഗൾഫ് മാധ്യമത്തിന് അഭിനന്ദനം. ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും കണ്ണുതുറപ്പിക്കും എന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.